ബോർഡർ ഗാവസ്കർ ട്രോഫിയിലെ നിർണ്ണായകമായ മൂന്നാം ടെസ്റ്റിന് ഡിസംബർ 14ന് തുടക്കമാവുകയാണ്. പെർത്തിൽ 295 റൺസിന്റെ മിന്നും വിജയം നേടിയ ഇന്ത്യയ്ക്ക് അഡലെയ്ഡിലെ രണ്ടാം ടെസ്റ്റിൽ പത്ത് വിക്കറ്റിന്റെ മറുപടിയാണ് ഓസ്ട്രേലിയ നൽകിയത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് മാർച്ച് ചെയ്യാൻ ഇനിയുള്ള മൂന്ന് മത്സരങ്ങളും വിജയിക്കുക ഇന്ത്യയ്ക്ക് നിർണ്ണായകമായിരിക്കെ ഗാബ അതിനിർണ്ണായകമാകും. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത ഉറപ്പ് വരുത്താനും കഴിഞ്ഞ ബോർഡർ ഗാവസ്കർ ട്രോഫി പരമ്പര തോൽവിക്ക് മറുപടി നൽകാൻ ഓസീസിനും ഗാബ നിർണ്ണായകമാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടികളാണ് അഡലെയ്ഡിൽ ലഭിച്ചത്. തോൽവിക്കപ്പുറം ഇന്ത്യൻ നിരയിലെ ദൗർബല്യങ്ങൾ തുറന്ന് കാണിക്കുന്നതായിരുന്നു മത്സരം. ബൗളിങ്ങിൽ ജസ്പ്രീത് ബുംമ്രയ്ക്ക് മറ്റുള്ളവരിൽ നിന്ന് കാര്യമായ പിന്തുണ ലഭിക്കാത്തതാണ് പ്രശ്നമെങ്കിൽ സ്ഥിരതയില്ലായ്മയാണ് ബാറ്റിങ്ങിൽ നേരിടുന്ന പ്രധാന പ്രശ്നം.
അരങ്ങേറ്റക്കാരനായി ഓസ്ട്രേലിയയിലെത്തിയ നിതീഷ് കുമാർ റെഡ്ഡി അവസാന നമ്പറുകളിലിറങ്ങി നാല്പതിന് മുകളിൽ സ്കോർ ചെയ്യുന്നത് മാത്രമാണ് ആശ്വാസമായി ഉള്ളത്. വിരാട് കോഹ്ലിക്കും ജയ്സ്വാളിനും പെർത്തിലെ രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടാനായെങ്കിലും മറ്റ് ഇന്നിങ്സുകളിൽസ്ഥിരത ലഭിച്ചില്ല.
