ചെന്നൈ: സര്‍ക്കാര്‍ സ്‌കൂളില്‍ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കുന്ന ജോലിചെയ്ത ദളിത് വിദ്യാര്‍ഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. മധുര കപ്പലൂരിലുള്ള സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ യുവരാജിന്റെ കാഴ്ചയാണ് പൊടിയേറ്റ് നഷ്ടമായത്. പൊടിവീണ് കണ്ണിന്റെ സ്ഥിതി ഗുരുതരമായിട്ടും യഥാസമയം ആശുപത്രിയില്‍ എത്തിക്കാതിരുന്നതിനാലാണ് കാഴ്ച നഷ്ടമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ശുചീകരണ തൊഴിലാളിയുടെ മകനായ യുവരാജ് അടക്കം സ്‌കൂളിലെ ചില ദളിത് വിഭാഗം വിദ്യാര്‍ഥികളെ അധ്യാപകര്‍ നിര്‍ബന്ധപൂര്‍വം ജോലിചെയ്യിപ്പിക്കുന്നത് പതിവായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
കണ്ണില്‍ പൊടിവീണ് ക്ലാസില്‍ തുടരാന്‍കഴിയാത്ത സ്ഥിതിയിലായിട്ടും യുവരാജിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല. പകരം രക്ഷിതാക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു.
