ആലപ്പുഴ: കായംകുളം കരുവാറ്റയിൽ 67 വയസ്സുകാരനായ ശിവൻകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത പ്രതികൾക്കെതിരെ കടുത്ത നിയമനടപടികളുമായി പോലീസ് മുന്നോട്ട്. കൊല്ലത്തുനിന്ന് കിലോമീറ്ററുകൾ സഞ്ചരിച്ചെത്തി വീടിന്റെ ഷീറ്റ് പൊളിച്ച് അകത്തുകടന്ന് വയോധികനെ അതിക്രമിച്ച ആക്രമികൾ കത്തിയുപയോഗിച്ച് മുറിവേൽപ്പിക്കുകയും കയറും ബെഡ്ഷീറ്റും ഉപയോഗിച്ച് കൈകാലുകൾ ബന്ധിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
ക്രൂരകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് കൗമാരക്കാരെയും കുറ്റകൃത്യത്തിന്റെ ആസൂത്രണവും ഭീകരതയും പരിഗണിച്ച്, ബാലനീതി ഇളവുകൾ ഒഴിവാക്കി മുതിർന്ന പ്രതികളായി തന്നെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന് അപേക്ഷ നൽകും.
കുറ്റകൃത്യത്തിന് ശേഷം അപ്പൂപ്പനെ കാണാനില്ലെന്ന് വരുത്തിത്തീർത്ത് നാട്ടുകാരെ കൂട്ടി പരിശോധനയ്ക്ക് നേതൃത്വം നൽകിയ 13-കാരിയായ കൊച്ചുമകളുടെ അഭിനയം അന്വേഷണ ഉദ്യോഗസ്ഥരെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്.
നിലവിൽ കസ്റ്റഡിയിലുള്ള നാല് പ്രതികളിൽ നേരിട്ട് പങ്കാളികളായ മൂന്ന് പേർക്കും പ്രായത്തിന്റെ ആനുകൂല്യം ലഭിക്കാതെ കടുപ്പമേറിയ ശിക്ഷ ഉറപ്പാക്കാനാണ് പോലീസിന്റെ നീക്കം. ഇതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനുള്ള അപേക്ഷയും അന്വേഷണ സംഘം വൈകാതെ സമർപ്പിക്കും.

