തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന് സ്വാമിയുടെ സമാധിപീഠം പൊളിച്ച് മൃതദേഹം പുറത്തെടുക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. കഴിഞ്ഞദിവസം കുടുംബത്തിന്റെയും വിവിധസംഘടനകളുടെയും പ്രതിഷേധത്തെത്തുടര്‍ന്ന് സമാധിപീഠം പൊളിക്കാനുള്ള നീക്കത്തില്‍നിന്ന് പോലീസ് തത്കാലം പിന്മാറിയിരുന്നു. തുടര്‍ന്ന് കുടുംബവുമായും സംഘടനാപ്രതിനിധികളുമായും അധികൃതര്‍ ചര്‍ച്ചയും നടത്തി.
സമാധിപീഠം പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയാലേ ഗോപന്‍സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീങ്ങുകയുള്ളൂവെന്നതാണ് പോലീസ് പറയുന്നത്.അതേസമയം, സമാധിപീഠം പൊളിക്കുന്നത് തെറ്റായകാര്യമാണെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ഗോപന്‍സ്വാമിയുടെ മകന് സനന്ദന്‍ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
വിഷയത്തില്‍ ഹിന്ദു ഐക്യവേദിയുടെ തീരുമാനത്തിന് അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോകുമെന്നും മകന് വ്യക്തമാക്കി.ആര്.ഡി.ഒ.യോ കളക്ടറോ തങ്ങളോട് സംസാരിച്ചിട്ടില്ല. ചര്‍ച്ചകളില്‍ നിയമപരമായി പോകണമെന്നാണ് അധികൃതര്‍ പറഞ്ഞത്. വിഷയത്തില്‍ ഹിന്ദു ഐക്യവേദിയുമായി സംസാരിച്ച് തീരുമാനമെടുക്കും.
ഹിന്ദു ഐക്യവേദിയുടെ തീരുമാനത്തിന് അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോകുമെന്നും മകന് പറഞ്ഞുഗോപന്സ്വാമിയെ മക്കള്‍ സമാധിയിരുത്തി അടക്കിയ കോണ്‍ക്രീറ്റ് അറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.
ഇതിനായി ജില്ലാ കളക്ടര്‍ അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച സമാധിപീഠം പൊളിക്കാന്‍ ആര്.ഡി.ഒ.യും പോലീസും ഫൊറന്‍സിക് സംഘവും ഉള്‍പ്പെടെ സ്ഥലത്തെത്തിയെങ്കിലും നടപടികളിലേക്ക് കടക്കാനായില്ല. ഗോപന്‍സ്വാമിയുടെ കുടുംബവും വിവിധസംഘടനകളും പോലീസിനെതിരേ രംഗത്തെത്തിയതോടെയാണ് രംഗം വഷളായത്. സംഘര്‍ഷാവസ്ഥയുണ്ടായതോടെ തത്കാലം നടപടികള്‍ നിര്‍ത്തിവെക്കാന്‍ അധികൃതര്‍ തീരുമാനമെടുക്കുകയായിരുന്നു.
മണിയന് എന്ന ഗോപന്‍സ്വാമി(69) സമാധിയായതിനെത്തുടര്‍ന്ന് പത്മപീഠത്തിലിരുത്തി കോണ്‍ക്രീറ്റ് അറയില്‍ സംസ്കരിച്ചെന്നാണ് മക്കള്‍ പോലീസിനു നല്കിയ മൊഴി. മരണവിവരം അയല്‍വാസികളെപ്പോലും അറിയിക്കാത്തതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ ദുരൂഹത ആരോപിച്ച് പോലീസിനെ സമീപിച്ചത്.
നാട്ടുകാരായ രണ്ടുപേര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗോപന്‍സ്വാമിയെ കാണാനില്ലെന്നാണ് ഇപ്പോള്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്. ഗോപന്‍സ്വാമി എങ്ങനെ മരിച്ചു, എപ്പോള്‍ മരണം സംഭവിച്ചു തുടങ്ങിയ വിവരങ്ങള്‍ മൃതദേഹപരിശോധനയിലൂടെ കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
