തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അവതരിപ്പിച്ച ബജറ്റിനെതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങൾക്ക് നിയമസഭയിൽ ശക്തമായ മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ വ്യക്തമാക്കുന്ന ധവളപത്രം രാഷ്ട്രീയ വിമർശനമല്ലെന്നും, മറിച്ച് ആധികാരിക രേഖയാണെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.
റെക്കോർഡ് ഭൂരിപക്ഷത്തോടെ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരാണിതെന്നും, മുൻ സർക്കാർ പരാജയപ്പെട്ടിടത്തെല്ലാം ബദൽ നിർദ്ദേശങ്ങളുമായാണ് പുതിയ ബജറ്റ് എത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കില്ലെന്നും കെഎസ്‌ആർടിസി, സപ്ലൈകോ തുടങ്ങിയവയെ നവീകരിച്ച് ലാഭത്തിലാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
മുൻ എൽഡിഎഫ് സർക്കാർ കടക്കെണിയിലാക്കിയ കെഎസ്ഇബിയുടെ ബാധ്യതകൾ ജനങ്ങളുടെ തലയിൽ കെട്ടിവെക്കില്ലെന്നും വൈദ്യുതി ചാർജ്ജ് കൂട്ടി പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, ജനങ്ങൾക്ക് മേൽ അധിക നികുതിഭാരം അടിച്ചേൽപ്പിക്കാതെ തന്നെ ഖജനാവ് നിറയ്ക്കുമെന്നും സഭയെ അറിയിച്ചു.

