ഫിറോസ്പൂര്‍: പഞ്ചാബിലെ ഫിറോസ്പൂരില്‍ നടന്ന വഹനാപകടത്തില്‍ ഒമ്പതുപേര്‍ക്ക് ദാരുണാന്ത്യം. നിരവധിപേര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫിറോസ്പൂരിൽ ഗോലുകാമോർ വില്ലേജിൽ വെച്ചാണ് അപകടം സംഭവിച്ചത്. പിക്കപ്പ് വാനും എതിർദിശയിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.ജലാലാബാദിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനില്‍ ഇരുപതിലധികം ആളുകളാണ് ഉണ്ടായിരുന്നത്.

ഇതില്‍ മിക്കവരും ഹോട്ടലുകളില്‍ ജോലിചെയ്യുന്നവരാണ്. കനത്ത മൂടല്‍മഞ്ഞ് കാരണം പിക്കപ്പ് വാനിന്‍റെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് ഇത്രയും വലിയ ഒരു ദുരന്തത്തില്‍ കലാശിച്ചത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.അപകടം നടന്നതറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചതായി ഡെപ്യൂട്ടി സൂപ്രണ്ടന്‍റ് ഓഫ് പൊലീസ് സത്നം സിങ് പറഞ്ഞു.

പരിക്കേറ്റവരെ ഗുരുഹര്‍സഹായിയിലേയും ജലാലാബാദിലേയും ആശുപത്രികളിലേക്കാണ് കൊണ്ടുപോയത്. സാരമായി പരിക്കേറ്റ ചിലരെ ഫരീദ്കോട്ടിലെ ഗുരു ഗോവിന്ദ് സിങ് മെഡിക്കല്‍ കൊളേജിലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *