വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ കുടുംബത്തിന് കടബാധ്യതയില്ലെന്ന് പിതാവ് പറഞ്ഞെങ്കിലും, കടബാധ്യത സ്ഥിരീകരിച്ച് പൊലീസ്. അഫാന്റെയും അമ്മയുടെയും ജീവിതശൈലിയാണ് കടംപെരുകാന് കാരണമെന്നും വിലയിരുത്തല്‍. ഒരു കേസില്‍ കൂടി അറസ്റ്റ് രേഖപ്പെടുത്തിയ അഫാനെ ഇന്ന് മെഡിക്കല്‍ കോളജില്‍ നിന്ന് ജയിലിലേക്ക് മാറ്റിയേക്കും.
കുടുംബത്തിനേറ്റ ദുരന്തമറിഞ്ഞ് ഏഴ് വര്‍ഷത്തിന് ശേഷം നാട്ടിലെത്തിയ അബ്ദുള്‍ റഹീം തന്റെ കുടുംബത്തിന് 65 ലക്ഷം കടബാധ്യതയെന്ന മകന്റെ മൊഴി കേട്ട് ഞെട്ടുകയായിരുന്നു. വിദേശത്ത് 15 ലക്ഷവും നാട്ടില്‍ കൂടിപ്പോയാല്‍ 12 ലക്ഷത്തിന്റെയും കടമുണ്ടാകാമെന്നാണ് റഹീം പൊലീസിനോട് പറഞ്ഞത്.
എന്നാല്‍ അബ്ദുള്‍ റഹീമിന് അറിയാമെങ്കിലും ഇല്ലങ്കിലും കുടുംബത്തിന് വന്‍ കടമുണ്ടെന്ന് പൊലീസ് ഉറപ്പിച്ചു. കടം നല്കിയവരേയും വായ്പയെടുത്തിരുന്ന ധനകാര്യ സ്ഥാപനങ്ങളേയും കണ്ടാണ് പൊലീസ് കടബാധ്യത ഉറപ്പിച്ചത്. പിതാവിന്റെ ബിസിനസ്തകര്ന്നതോടെ 2022 മുതല്‍ വരുമാനം കുറഞ്ഞ് തുടങ്ങി.
പക്ഷെ മുന്‍പുണ്ടായിരുന്ന ആര്‍ഭാട ജീവിതം മാറ്റാന്‍ അഫാനും അമ്മയുമടങ്ങുന്ന കുടുംബം തയാറായില്ല.പലരില്‍ നിന്നും ലക്ഷങ്ങള്‍ കടവും പലിശയ്ക്ക് പണവും വാങ്ങിയാണ് കടം 65 ലക്ഷത്തോളം എത്തിയത്. അഫാന് ലഹരി ഉപയോഗിച്ചതിന് തെളിവ് ലഭിക്കാതെയും അഫാന് മാനസിക പ്രശ്നമില്ലെന്ന് റിപ്പോര്‍ട്ട് ലഭിക്കുകയും ചെയ്തതോടെ കടബാധ്യത തന്നെയാണ് കൊലയ്ക്ക് കാരണമെന്നും പൊലീസ് ഉറപ്പിച്ചു.
അതിനിടെ സഹോദരന് അഫ്സാനയേയും സുഹൃത്ത് ഫര്‍സാനയേയും കൊലപ്പെടുത്തിയ കേസില്‍ കൂടി അഫാന്റെ അറസ്റ്റ്വെഞ്ഞാറമൂട് പൊലീസ് രേഖപ്പെടുത്തി. അഫാനെ ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പും വിശദമായ ചോദ്യം ചെയ്യലും നടത്തുന്നതോടെ കേസില്‍ പൂര്‍ണരൂപമാകും.
