സെപ്തംബറിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ ടി20 ടീമില്‍ യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, സായ് സുദര്ശന് എന്നിവരെ ഉള്‍പ്പെടുത്താന്‍ സാധ്യതയെന്ന് റിപ്പോർട്ട്. മൂന്ന് താരങ്ങളുടെയും ഐപിഎൽ പ്രകടനം കൂടി വിലയിരുത്തിയാണ് ടീമിലേക്ക് തിരഞ്ഞെടുക്കുക.
2026 ലോകകപ്പിനുള്ള ടീമിനെ സജ്ജമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഏഷ്യ കപ്പിന് ഇന്ത്യ ഇറങ്ങുക.നിലവില്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മയുമാണ് ടി20 ടീമില്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത്. എന്നാൽ ഗിൽ-ജയ്സ്വാൾ-സായ് എന്നിവരെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമാവില്ല.
വിന്‍ഡീസിനെതിരെ ടെസ്റ്റ് കളിക്കാനുള്ളത് കൊണ്ട് ഗില്ലിനും ജയ്സ്വാളിനും അടക്കം വിശ്രമം അനുവദിക്കാൻ സെലക്ടർമാർ തീരുമാനിച്ചാൽ സഞ്ജു സാംസണിന് ആശങ്കകളില്ലാതെ ഏഷ്യ കപ്പ് കളിക്കാം.
അതേസമയം ഗില്‍ 15 കളികളില്‍ നിന്ന് 155-ലധികം സ്ട്രൈക്ക് റേറ്റില്‍ 650 റണ്‍സ് നേടിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സില്‍ ഗില്ലിന്റെ ഓപ്പണിംഗ് പങ്കാളിയായ സുദര്ശന് 759 റണ്‍സോടെ ഓറഞ്ച് ക്യാപ്പുമായാണ് മടങ്ങിയത്.