തെരുവുനായ നിയന്ത്രണത്തിനുള്ള ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രീംകോടതി. നായ്ക്കളെ വാക്സിനേഷൻ നൽകി തെരുവിൽ തിരിച്ച് വിടണം എന്നാണ് പുതിയ നിർദേശം. അക്രമകാരികളായ നായ്ക്കളെ കൂട്ടിലടയ്ക്കാം. തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാൻ പ്രത്യേക സൗകര്യം ഒരുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡൽഹിയിലെ തെരുവുനായ്ക്കളെ ഷെൽറ്റർ ഹോമിലേക്ക് മാറ്റണമെന്ന രണ്ടംഗ ബെഞ്ചിന്റെ വിധിയാണ് സുപ്രീംകോടതി ഭേദഗതി ചെയ്തത്.
കോടതിയുടെ മുൻ ഉത്തരവ് പുനഃപരിശോധിച്ച ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിൻ്റേതാണ് വിധി. നായ്ക്കൾക്ക് തെരുവിൽ ഭക്ഷണം നൽകുന്നത് പൂർണമായും നിരോധിക്കണമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
തെരുവ് നായ്ക്കളെ വാക്സിനേഷൻ നൽകി പിടികൂടിയ അതേ സ്ഥലത്ത് തന്നെ തുറന്നുവിടുക, ആക്രമണകാരികളായ അല്ലെങ്കിൽ, പേവിഷബാധയുള്ള നായ്ക്കളെ തുറന്നുവിടരുത്, നായ്ക്കൾക്ക് റോഡുകളിൽ തീറ്റ നൽകരുത്. തെരുവ് നായ്ക്കൾക്ക് തീറ്റ നൽകാൻ പ്രത്യേക സ്ഥലം ഒരുക്കണം തുടങ്ങിയ നിർദേശങ്ങളാണ് കോടതി മുന്നോട്ട് വെച്ചത്.