ആലപ്പുഴ: അജ്മാനിലെ സെക്സ് റാക്കറ്റിനായി കേരളത്തിൽ നിന്ന് മനുഷ്യകടത്തെന്ന് പരാതി. കാർത്തികപിള്ളി സ്വദേശിനി താരയാണ് മനുഷ്യ കടത്തിന് പിന്നിലെന്നാണ് വിവരം. അജ്മാനിലെ സ്പായിൽ ജീവനക്കാരിയാണ് താര.തോട്ടപ്പള്ളി സ്വദേശിനിയായ യുവതിയെ ആശുപത്രിയിൽ ക്ലിനിംഗ് ജോലിക്ക് എന്ന് പറഞ്ഞാണ് താര അജ്മാനിലേക്ക് കൊണ്ടു പോയത്.
എന്നാൽ സെക്സ് റാക്കറ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സ്പായിലാണ് യുവതിയെ എത്തിച്ചത്. ശാരീരികവും മാനസികവുമായ പീഡനത്തിൽ മനോനില തെറ്റി തെരുവിൽ അലയുകയായിരുന്ന യുവതിയെ സാമൂഹ്യ പ്രവർത്തകരാണ് കണ്ടെത്തിയത്.
തുടർന്ന് യുവതിയെ ഷെൽറ്ററിലേക്ക് മാറ്റുകയും ബന്ധുക്കളെ വിവരം അറിയിക്കുകയുമായിരുന്നു.പ്രദേശത്തെ ജനപ്രതിനിധികളോട് ബന്ധുക്കൾ സഹായം അഭ്യർത്ഥിച്ചെങ്കിലും അവർ കൈമലർത്തി. ഒടുവിൽ ബന്ധുക്കൾ ബിജെപി ഓഫീസിൽ നേരിട്ടെത്തി വിവരം കൈമാറുകയും കേന്ദ്രമന്ത്രിമാർ വിഷയത്തിൽ ഇടപെടുകയുമായിരുന്നു.
എംബസി അധികൃതർ ഇടപെട്ട് ചികിത്സ ലഭ്യമാക്കുകയും ചെയ്തു. മാനസിക പ്രശ്നങ്ങളുള്ളതിനാൽ ചികിത്സയ്ക്ക് ശേഷം മാത്രമേ യുവതിയെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരാൻ സാധിക്കൂ.
യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ അമ്പലപ്പുഴ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിപിഎം നേതാവായ ജില്ലാ പഞ്ചായത്ത് അംഗം താരയ്ക്കായി കോടതിയിൽ എത്തുന്നുവെന്നും വിവരമുണ്ട്.
താരയ്ക്കായി ഇയാൾ ഇതിനകം നിരവധി തവണ പൊലീസിനെബന്ധപ്പെടുകയും ചെയ്തു.കോഴിക്കോട് സ്വദേശിയുടെ നേതൃത്വത്തിലാണ് മനുഷ്യക്കടത്ത് സംഘം പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ട്. യുവതിയുടെ കുഞ്ഞിനെയും താര കടത്താൻ ശ്രമിച്ചു എന്നും സംശയമുണ്ട്. യുവതിയുടെ ഏഴ് വയസുള്ള മകൾക്ക് 10 ലക്ഷം രൂപയാണ് ഇവർ വിലയിട്ടത്.
യുവതിക്ക് മയക്കുമരുന്ന് നൽകിയെന്നും സംശയമുണ്ട്. യുവതിയുടെ മുടി പകുതി ഷേവ് ചെയ്ത നിലയിലാണ്.ആലപ്പുഴ ജില്ലയിൽ നിന്നും നിരവധി പെൺകുട്ടികളെ താര കടത്തി കൊണ്ടു പോയെന്നാണ് വിവരം. താരയുടെ ഭർത്താവാണ് ഇക്കാര്യംവെളിപ്പെടുത്തിയത്.
‘താര മുൻപ് രണ്ട് കല്യാണം കഴിച്ചിട്ടുണ്ട്. ഗൾഫിൽ ചെന്നതിന് ശേഷമാണ് അനാവശ്യമായ കാര്യങ്ങളാണ് ചെയ്യുന്നതെന്ന് അറിഞ്ഞത്. സ്പായിലാണ് ജോലി. അവിടെ അവർ പറയുന്നതിന് അനുസരിച്ച് ചെയ്ത് കൊടുക്കും. മനോനില തെറ്റിയ യുവതിയെയും ഇവൾ തന്നെയാണ് കൊണ്ടുപോയത്.
ആ കൊച്ച് വീട്ടിൽ വന്നിട്ടുണ്ടെന്നും താരയുടെ ഭർത്താവ്പറഞ്ഞു. താരയിൽ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് യുവാവ്.
