ദുബായ്∙ യുഎഇയിൽ നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പാക്കിസ്ഥാൻ പേസർ ഹാരിസ് റൗഫിന് വിലക്ക്; ഇന്ത്യയുടെ ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് പിഴയും ഡീമെറിറ്റ് പോയിന്റും.

ഏഷ്യാ കപ്പിൽ ഇന്ത്യ – പാക്കിസ്ഥാൻ മത്സരത്തിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) നടപടി. സെപ്റ്റംബർ 14, 21, 28 തീയതികളിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന മത്സരങ്ങളിലെ വിവിധ സംഭവങ്ങളിൽ ഐസിസി എലൈറ്റ് പാനലിനെ മാച്ച് റഫറിമാരാണ് വാദം കേട്ടത്.

ഇതിൽ സ്വീകരിച്ച നടപടികളാണ് ചൊവ്വാഴ്ച ഐസിസി ഔദ്യോഗികമായി അറിയിച്ചത്സെപ്റ്റംബറിന് 14നു നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിലെ വിജയത്തിനു പിന്നാലെ പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിനും വിജയം സൈനികർക്ക് സമർപ്പിച്ചതിനും സൂര്യകുമാർ യാദവിനു മാച്ച് ഫീയുടെ 30 ശതമാനം പിഴയും രണ്ടു ഡീമെറിറ്റ് പോയിന്റും ചുമത്തി. സൂര്യകുമാറിനെതിരെ പാക്കിസ്ഥാൻ പരാതി നൽകിയിരുന്നു.

21നും 28നും യഥാക്രമം നടന്ന സൂപ്പർ ഫോർ, ഫൈനൽ മത്സരങ്ങളിലെ ‘ആംഗ്യപ്രകടനത്തിന്’ ആണ് പാക്കിസ്ഥാൻ പേസർ ഹാരിസ് റൗഫിനെതിരെ നടപടി. ഇരു മത്സരങ്ങൾക്കും മാച്ച് ഫീയുടെ 30 ശതമാനവും വീതം പിഴയും രണ്ടു ഡീമെറിറ്റ് പോയിന്റുകൾ വീതവും ചുമത്തി.

24 മാസത്തിനിടെ നാല് ഡീമെറിറ്റ് പോയിന്റ് ലഭിച്ചതോടെ രണ്ടു മത്സരങ്ങൾക്ക് റൗഫ് വിലക്ക് നേരിടേണ്ടി വരും.സൂപ്പർ ഫോർ മാച്ചിനിടെ ബാറ്റുകൊണ്ട് ‘വെടിയുതിർത്ത’ പാക്കിസ്ഥാൻ ഓപ്പണർ സാഹിബ്‌സാദാ ഫർഹാന് ഐസിസി താക്കീത് നൽകി.

താരത്തിന് ഒരു ഡീമെറിറ്റ് പോയിന്റുമുണ്ട്. ഫർഹാനെതിരെ ബിസിസിഐ പരാതി നൽകിയിരുന്നു. ഫൈനൽ മത്സരത്തിനിടെ ‘വിമാന ആംഗ്യം’ കാണിച്ച ജസ്പ്രീത് ബുമ്രയ്‌ക്കെതിരെയും നടപടിയുണ്ട്.

താരത്തിന് ഒരു ഡീമെറിറ്റ് പോയിന്റ് നൽകിയതായി ഐസിസി അറിയിച്ചു. താരം കുറ്റം ഏറ്റെടുത്തതിനാലാണ് ഒരു ഡീമെറിറ്റ് പോയിന്റിൽ ഒതുക്കിയത്. അതേസമയം, സൂപ്പർ 4 മത്സരത്തിനിടെ ഇന്ത്യൻ പേസർ അർഷ്ദീപിനെതിരെ ഉയർന്ന പരാതിയിൽ കഴമ്പില്ലെന്ന് ഐസിസി വ്യക്തമാക്കി. ഇതിനാൽ താരത്തെ നടപടികളിൽനിന്ന് ഒഴിവാക്കി.

Leave a Reply

Your email address will not be published. Required fields are marked *