മദീന ∙ ഇന്ത്യയിൽനിന്ന് ഉംറ നിർവഹിക്കാനെത്തിയ സംഘം സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 42 പേർ മരിച്ചു. ഹൈദരാബാദിൽനിന്നുള്ളവരാണ് മരിച്ചവരെല്ലാം എന്നാണ് വിവരം. മക്കയിൽ നിന്നും ഉംറ നിർവഹിച്ച ശേഷം പുറപ്പെട്ട ബസാണ് അപകടത്തിൽ പെട്ടത്.
മരിച്ചവരിൽ 20 സ്ത്രീകളും 11 പേർ പത്ത് വയസ്സിന് താഴെയുള്ള കുട്ടികളുമാണ്.ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതോടെ തൽക്ഷണം തീപിടിക്കുകയായിരുന്നു. അപകടത്തിൽ 25വയസ്സുകാരൻ അബ്ദുൽ ഷുഐബ് മുഹമ്മദ് രക്ഷപ്പെട്ടു.
ഇദ്ദേഹം ചികിത്സയിലാണ്. സൗദി സമയം രാത്രി 11 മണിയോടെ ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് വച്ചാണ് അപകടം നടന്നത്. സിവിൽ ഡിഫൻസ് എത്തി തീയണച്ചു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്.
