ഇന്‍ഡോര്‍: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 281നെതിരെ മധ്യ പ്രദേശിന് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറിന് 112 എന്ന നിലയിലാണ് മധ്യ പ്രദേശ്. ഇപ്പോഴും 173 റണ്‍സ് പിറകിലാണ് ടീം. രണ്ട് വിക്കറ്റ് വീതം നേടിയ ഏദന്‍ ആപ്പിള്‍ ടോം, നിതീഷ് എം ഡി എന്നിവരാണ് മധ്യ പ്രദേശിനെ തകര്‍ത്തത്.

സരണ്‍ഷ് ജെയ്ന്‍ (27), ആര്യന്‍ പാണ്ഡെ (10) എന്നിവരാണ് ക്രീസില്‍. ഇന്‍ഡോര്‍, ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളത്തെ 98 റണ്‍സ് നേടിയ ബാബാ അപരാജിതാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. അഭിജിത് പ്രവീണ്‍ (60), അഭിഷേക് നായര്‍ (47) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു.

മധ്യ പ്രദേശിന് വേണ്ടി മുഹമ്മദ് അര്‍ഷദ് ഖാന്‍ നാലും സരണ്‍ഷ് ജെയ്ന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.മറുപടി ബാറ്റിംഗില്‍ മധ്യ പ്രദേശിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. ഹര്‍ഷ് ഗാവ്‌ലി, ഹിമാന്‍ഷു മന്ത്രി, റിഷഭ് ചൗഹാന്‍ എന്നിവര്‍ 21 റണ്‍സ് വീതമാണ് നേടിയത്.

യാഷ് ദുബെ (0), ശുഭം ശര്‍മ (10), ഹര്‍പ്രീത് സിംഗ് ഭാട്ടിയ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഏഴിന് 246 റണ്‍സെന്ന നിലയിലാണ് കേരളം ഇന്ന് ഇറങ്ങിയത്. തലേദിവസത്തെ സ്‌കോറിനോട് റണ്‍സൊന്നും ചേര്‍ക്കാനാവാതെ ശ്രീഹരി എസ് നായര്‍ (7) ആദ്യം മടങ്ങി. പിന്നാലെ സെഞ്ചുറിക്കരികെ അപാരാജിതും പുറത്തായി.

എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് ഇന്നിംഗ്സ്. നിതീഷ് എം ഡിയാണ് (7) പുറത്തായ മറ്റൊരു താരം. ഏദന്‍ ആപ്പിള്‍ ടോം (9) പുറത്താവാതെ നിന്നു. ഒരു ഘട്ടത്തില്‍ ആറിന് 105 എന്ന നിലയില്‍ തകര്‍ന്ന കേരളത്തെ അപരാജിതാണ് രക്ഷിച്ചത്.അരങ്ങേറ്റ മത്സരം കളിക്കുന്ന അഭിഷേക് ജെ നായരും രോഹന്‍ കുന്നുമ്മലും ചേര്‍ന്നാണ് കേരളത്തിന് വേണ്ടി ഇന്നിങ്‌സ് തുറന്നത്.

എന്നാല്‍ രണ്ടാം ഓവറില്‍ തന്നെ കേരളത്തിന് രോഹന്‍ കുന്നുമ്മലിന്റെ വിക്കറ്റ് നഷ്ടമായി. കുമാര്‍ കാര്‍ത്തികേയയുടെ പന്തില്‍ ഹര്‍പ്രീത് സിങ് ക്യാച്ചെടുത്താണ് രോഹനെ അക്കൗണ്ട് തുറക്കാതെ തിരിച്ചയച്ചത്.

രണ്ടാം വിക്കറ്റില്‍ അഭിഷേകും അങ്കിത് ശര്‍മ്മയും ചേര്‍ന്ന് 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 20 റണ്‍സെടുത്ത അങ്കിത് ശര്‍മ്മയെ എല്‍ബിഡബ്ല്യൂവില്‍ കുടുക്കി സരന്‍ശ് ജെയിന്‍ കൂട്ടുകെട്ടിന് അവസാനമിട്ടു.

Leave a Reply

Your email address will not be published. Required fields are marked *