ഗോവയിൽ നടന്ന 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ (IFFI) സമാപന ചടങ്ങിൽ, സിനിമാ ലോകത്ത് 50 വർഷം പൂർത്തിയാക്കിയ രജനീകാന്തിന് ആജീവനാന്ത പുരസ്കാരം നൽകി ആദരിച്ചു. ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ, തൻ്റെ അഞ്ച് പതിറ്റാണ്ട് നീണ്ട കരിയർ വളരെ ചെറുതായി തോന്നിയെന്ന് സൂപ്പർതാരം വിശേഷിപ്പിച്ചു.
ഈ പുരസ്കാരം സിനിമാ വ്യവസായത്തിൽ പ്രവർത്തിക്കുന്നവർക്കും തമിഴ് ജനതയ്ക്കും സമർപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.സിനിമയിൽ അഭിനയിച്ച ഈ 50 വർഷവും എനിക്ക് പത്തോ പതിനഞ്ചോ വർഷം പോലെയാണ് തോന്നിയത്.
കാരണം എനിക്ക് സിനിമയും അഭിനയവും അത്രക്ക് ഇഷ്ടമാണ്. അടുത്ത 100 ജന്മത്തിലും ഒരു നടനായി, രജനികാന്ത് ആയി തന്നെ ജനിക്കാനാണ് എനിക്ക് ആഗ്രഹം. ഈ പുരസ്‌കാരം സംവിധായകർക്കും നിർമാതാക്കൾക്കും എഴുത്തുകാർക്കും പിന്നെ എന്നെ ഞാനാക്കിയ തമിഴ് മക്കൾക്കും സമർപ്പിക്കുന്നു.” രജനീകാന്തിന്റെ വാക്കുകൾ.രജനീകാന്തിന് എഴുന്നേറ്റുനിന്നുള്ള കരഘോഷമാണ് ചടങ്ങിൽ ലഭിച്ചത്. അദ്ദേഹം കൈകൾ കൂപ്പി സദസ്സിനെ അഭിവാദ്യം ചെയ്തു.
ചലച്ചിത്രമേളയുടെ അവസാന ദിവസം നടന്ന ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ ഗോവയിലെത്തിയ രജനികാന്തിനെ ഹോട്ടൽ ജീവനക്കാരും ആരാധകരും ചേർന്ന് സ്വീകരിച്ചു.നെൽസൺ ദിലീപ്കുമാർ സംവിധാനംചെയ്യുന്ന ജയിലർ 2 ആണ് രജനീകാന്തിന്റേതായി വരാനിരിക്കുന്ന ചിത്രം. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമിക്കുന്ന തലൈവർ 173-യും അദ്ദേഹത്തിന്റേതായി വരുന്നുണ്ട്.
