തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ശ്രീലങ്കയ്ക്കെതിരായ അഞ്ചാം ടി20 മത്സരത്തിൽ ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമ ചരിത്രപരമായ ലോകറെക്കോർഡ് സ്വന്തമാക്കി. മത്സരത്തിൽ ലങ്കയുടെ നിലക്ഷി ഡി സിൽവയെ പുറത്താക്കിയതോടെ വനിതാ ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമെന്ന നേട്ടം ദീപ്തിയുടെ പേരിലായി.
134 മത്സരങ്ങളിൽ നിന്ന് 152 വിക്കറ്റുകൾ തികച്ച ഇരുപത്തെട്ടുകാരിയായ ദീപ്തി, 151 വിക്കറ്റ് നേടിയ ഓസ്ട്രേലിയയുടെ മേഗൻ ഷട്ടിനെയാണ് മറികടന്നത്. ഇതോടെ രാജ്യാന്തര വനിതാ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലുമായി ദീപ്തിയുടെ ആകെസമ്പാദ്യം 334 വിക്കറ്റായി ഉയർന്നു.
വിക്കറ്റ് നേട്ടത്തിൽ ജൂലൻ ഗോസ്വാമിക്കും (355) കാതറിൻ ഷിവർ ബ്രന്റിനും (335) പിന്നിൽ മൂന്നാം സ്ഥാനത്താണ് താരം. ഈ മത്സരത്തിൽ 15 റൺസിന് വിജയിച്ച ഇന്ത്യൻ ടീം പരമ്പര തൂത്തുവാരുകയും ചെയ്തു.
ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറിൽ 160 റൺസ് മാത്രമാണ് നേടാനായത്. ഇന്ത്യൻ ബൗളർമാർ എല്ലാവരും വിക്കറ്റ് വീഴ്ത്തിയ മത്സരത്തിൽ ഹാസിനി പെരേരയാണ് (65) ലങ്കയുടെ ടോപ്പ് സ്കോറർ.ഇന്ത്യയ്ക്ക് വേണ്ടി പന്തെടുത്ത എല്ലാ ബൗളർമാരും വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചു.
