സ്വന്തം മണ്ണിൽ കിരീടം നിലനിർത്താൻ ഇന്ത്യ ഇറങ്ങുമ്പോൾ കപ്പ് ലക്ഷ്യമിട്ട് തന്നെയാണ് മറ്റ് ടീമുകളുംസൂര്യകുമാർ യാദവിന്റെ കീഴിൽ കരുത്തുറ്റ ടീമുമായാണ് ഇന്ത്യ ഇത്തവണ ലോകകപ്പിനെത്തുന്നത്. രോഹിത് ശർമ്മയുടെ കിരീടനേട്ടം ആവർത്തിക്കാൻ കെൽപ്പുള്ള ബാറ്റിംഗ് നിരയിൽ സഞ്ജു സാംസൺ ഓപ്പണറായി മടങ്ങിയെത്തുന്നു എന്നതാണ് ശ്രദ്ധേയം.
ശുഭ്മൻ ഗില്ലിന് പകരം അഭിഷേക് ശർമ്മയ്ക്കൊപ്പം സഞ്ജു ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമ്പോൾ വമ്പൻ സ്കോറുകളാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.അഭിഷേക് ശർമ്മ – സഞ്ജു സാംസൺ ജോഡിയുടെ ആക്രമണോത്സുകമായ ക്രിക്കറ്റ് ശൈലിക്ക് ആരാധകരേറെയാണ്. ഇരുവശത്തുനിന്നും എതിരാളികളെ തല്ലിയൊതുക്കാൻ കഴിവുള്ള ഈ സ്ഫോടനാത്മക ബാറ്റ്സ്മാൻമാർ ടീമിന് മികച്ച തുടക്കം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
ലോകകപ്പിൽ സഞ്ജു സാംസൺ ഓപ്പണറായി മടങ്ങിയെത്തുമ്പോൾ ആരാധകർക്ക് ഓർമ്മ വരുന്നത് 2024-ലെ ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്കൻ പര്യടനങ്ങളാണ്. ആ വർഷം സഞ്ജുവിൻ്റെ വെടിക്കെട്ട് ബാറ്റിംഗിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു.
2024-ൽ താരം തൻ്റെ കരിയറിലെ ആദ്യ ടി20 അന്താരാഷ്ട്ര സെഞ്ച്വറിയടക്കം മൂന്ന് സെഞ്ച്വറികളാണ് നേടിയത്. ബംഗ്ലാദേശിനെതിരെ നാട്ടിലും, ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവരുടെ മണ്ണിലും ആയിരുന്നു ഈ സെഞ്ച്വറി പ്രകടനങ്ങൾ.ഹൈദരാബാദിൽ 47 പന്തിൽ 111 റൺസ് നേടിയാണ് സഞ്ജു കന്നി ടി-20 സെഞ്ച്വറി കുറിച്ചത്.
ഇതോടെ അന്താരാഷ്ട്ര ടി-20യിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററെന്ന റെക്കോർഡും താരം സ്വന്തമാക്കി.236.17 സ്ട്രൈക്ക് റേറ്റിൽ എട്ട് സിക്സറുകളും 11 ഫോറുകളും സഹിതമായിരുന്നു സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗ്.
ബംഗ്ലാദേശ് സ്പിന്നർ റിഷാദ് ഹൊസൈന്റെ ഒരോവറിൽ മാത്രം അഞ്ച് സിക്സറുകളാണ് പറത്തിയത്.സഞ്ജുവിന്റെ താണ്ഡവത്തിൽ റിഷാദ് 46 റൺസ് വഴങ്ങി. സഞ്ജു, സൂര്യ, ഹാർദിക് എന്നിവരുടെ മികവിൽ ഇന്ത്യ 297 റൺസെടുത്തു.
