ബംഗ്ലാദേശ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ലോകകപ്പ് ബഹിഷ്കരണ ഭീഷണി മുഴക്കിയ പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് മുന്നറിയിപ്പുമായി ഐസിസി രംഗത്തെത്തി.

ബംഗ്ലാദേശിനെതിരെ ഐസിസി ചെയ്തത് അനീതിയാണെന്നും ആവശ്യമെങ്കിൽ ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കുന്ന കാര്യം പാകിസ്താൻ ആലോചിക്കുന്നുണ്ടെന്നും പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

ബംഗ്ലാദേശ് ഇതിനകം ടൂർണമെന്റിൽ നിന്ന് പുറത്താവുകയും പകരം സ്കോട്ട്ലൻഡ് യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ പിന്തുണച്ച നഖ്‌വിയുടെ പ്രസ്താവനകളാണ് ഐസിസിയെ പ്രകോപിപ്പിച്ചത്.

ബംഗ്ലാദേശിന് പിന്നാലെ പാകിസ്താനും ലോകകപ്പ് ബഹിഷ്‌കരിച്ചാൽ, പാക് ക്രിക്കറ്റിനെ തകർക്കുന്ന തരത്തിലുള്ള കടുത്ത ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്ന് ഐസിസി മുന്നറിയിപ്പ് നൽകി.

പാകിസ്താൻ ടി20 ലോകകപ്പിൽ നിന്ന് പിന്മാറിയാൽ, ആഗോള ക്രിക്കറ്റിൽ അവരെ ഒറ്റപ്പെടുത്തുന്ന കടുത്ത നടപടികൾക്ക് ഐസിസി മുതിർന്നേക്കും. പാകിസ്താന്റെ ഉഭയകക്ഷി പരമ്പരകൾക്ക് വിലക്കേർപ്പെടുത്തുകയും, ഏഷ്യാ കപ്പിൽ നിന്ന് പുറത്താക്കുകയും ചെയ്യും.

കൂടാതെ, പാകിസ്താൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) കളിക്കാൻ വിദേശ താരങ്ങൾക്ക് മറ്റ് ബോർഡുകൾ എൻഒസി നൽകുന്നത് തടയുമെന്നും ഐസിസി മുന്നറിയിപ്പ് നൽകി.

ഇന്ത്യ-പാകിസ്താൻ രാഷ്ട്രീയ പ്രശ്‌നങ്ങൾ കാരണം കൊളംബോയിലെ ന്യൂട്രൽ വേദിയിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. എന്നിട്ടും ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ച് ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കുന്നതിനെക്കുറിച്ച് സജീവമായി ആലോചിക്കുന്നുണ്ടെന്ന് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി പറഞ്ഞു.

പാകിസ്താൻ പ്രധാനമന്ത്രി തിരിച്ചെത്തിയ ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.പാകിസ്താൻ ലോകകപ്പ് ബഹിഷ്‌കരിച്ചാൽ മറ്റൊരു ടീമിനെ ഉൾപ്പെടുത്തി ടൂർണമെന്റ് നടത്താമെന്ന് പരിഹസിച്ച നഖ്‌വി, ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാകിസ്താൻ സർക്കാരാണെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *