കണ്ണൂർ മാലൂർ പഞ്ചായത്തിലെ തൃക്കടാരിപൊയിലിൽ ചത്തുവീണ കാക്കയ്ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു. സാമ്പിൾ പരിശോധനയിൽ വൈറസ് ബാധ കണ്ടെത്തിയതായും പ്രദേശത്ത് ജാഗ്രത പാലിക്കണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.കണ്ണൂരിൽ പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.
മാലൂരിന് പുറമെ ജനുവരി 17-ന് ഇരിട്ടി എടക്കാനത്തും കാക്കകളിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.
പക്ഷികളിൽ കണ്ടുവരുന്ന തീവ്രമായ വൈറസ് രോഗമാണ് പക്ഷിപ്പനി അഥവാ എച്ച്5 എൻ1 (H5N1). സാധാരണയായി പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് പടരുന്ന ഈ രോഗം, അപൂർവമായി വൈറസിന് ജനിതക മാറ്റം സംഭവിക്കുമ്പോൾ മനുഷ്യരിലേക്കും പകരാം.
മനുഷ്യരിൽ ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു.
