വെനസ്വേല ഇന്ത്യയുടെ ദീർഘകാല വ്യാപാര പങ്കാളിയാണെന്നും അവിടെനിന്നുള്ള എണ്ണ ഇറക്കുമതി പുനരാരംഭിക്കുന്നത് പരിഗണനയിലാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയും ജനതാൽപ്പര്യവും മുൻനിർത്തിയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.

വിപണി സാഹചര്യങ്ങൾക്കനുസരിച്ച് എണ്ണ ഇറക്കുമതിയിൽ തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രാലയം, റഷ്യൻ എണ്ണ നിർത്തുന്ന കാര്യത്തിൽ ഉറപ്പ് നൽകിയില്ല. റഷ്യൻ എണ്ണയെക്കുറിച്ചുള്ള ട്രംപിന്റെ അവകാശവാദങ്ങളിൽ വാണിജ്യ മന്ത്രിയുടെ മുൻ പ്രസ്താവന ആവർത്തിക്കുക മാത്രമാണ് മന്ത്രാലയം ചെയ്തത്.

വിപണി സാഹചര്യം അനുസരിച്ച് ഊർജ്ജ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുമെന്നും വെനിസ്വേലൻ എണ്ണക്കമ്പനിയുമായി ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങൾ ബന്ധം തുടരുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ഇന്ത്യ-യുഎസ് വ്യാപാര കരാർ മാർച്ച് പകുതിയോടെ നടപ്പാക്കുമെന്നും സംയുക്ത പ്രസ്താവന അഞ്ച് ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു.

കരാർ പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 18% ആയി അമേരിക്ക കുറയ്ക്കും. ‘വികസിത് ഭാരത് 2047’ ലക്ഷ്യം നേടാൻ ഊർജ്ജ ഇറക്കുമതി വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *