വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ഡോ. ലളിതാംബിക നടത്തിയ വിവാദ പരാമർശം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. ശസ്ത്രക്രിയ ഉപകരണം 50 വർഷം വയറ്റിൽ ഇരുന്നാലും കുഴപ്പമില്ലെന്ന വിചിത്രവാദമാണ് ഡോക്ടർ ഉയർത്തിയത്.
കൂടാതെ, രോഗി മുൻപ് നടത്തിയ ശസ്ത്രക്രിയയിലാണോ ഇത് സംഭവിച്ചതെന്ന് ഉറപ്പില്ലെന്നും പറഞ്ഞ് ഡോക്ടർ ഉത്തരവാദിത്തം നിഷേധിക്കാനും ശ്രമിച്ചു.ശസ്ത്രക്രിയ നടത്തിയത് ഡോ. ലളിതാംബികയാണെന്ന് രോഗിയും കുടുംബവും ഉറപ്പിച്ചു പറയുമ്പോഴും ഡോക്ടർ അത് നിഷേധിക്കുകയാണ്.
താൻ വകുപ്പ് മേധാവി (HOD) ആയതുകൊണ്ടാണ് കേസ് ഡയറിയിൽ പേര് വന്നതെന്നും, യഥാർത്ഥത്തിൽ ശസ്ത്രക്രിയ ചെയ്തത് മറ്റാരെങ്കിലുമാണെന്ന് സർജറി ഡയറി പരിശോധിച്ചാൽ വ്യക്തമാകുമെന്നുമാണ് ലളിതാംബികയുടെ വാദം.
ഉത്തരവാദിത്തം കൈമാറാനുള്ള ഡോക്ടറുടെ ഈ നീക്കം വലിയ ചർച്ചയാവുകയാണ്.രോഗിക്ക് മുൻപ് ശസ്ത്രക്രിയ നടന്നിട്ടുണ്ടെന്നും അന്ന് കുടുങ്ങിയതാകാം ഈ ഉപകരണം എന്നുമാണ് ഡോക്ടറുടെ പുതിയ വാദം.
20 വർഷം മുൻപാണ് ഇത് സംഭവിച്ചതെങ്കിലും ഉപകരണം ഒരേ സ്ഥാനത്ത് തുടരുകയാണെങ്കിൽ രോഗിക്ക് വേദനയോ മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെടില്ലെന്നും ഡോക്ടർ അവകാശപ്പെടുന്നു.
നിലവിൽ മൂത്രത്തിൽ കല്ലിന്റെ പ്രശ്നവുമായാണ് രോഗി എത്തിയതെന്നും, ശസ്ത്രക്രിയയിലെ പിഴവ് മറയ്ക്കാനായി ഡോക്ടർ ഇത്തരം വിചിത്രമായ ന്യായീകരണങ്ങൾ നിരത്തുകയുമാണ്.ശസ്ത്രക്രിയ ഉപകരണം അമ്പത് വർഷം വയറ്റിൽ ഇരുന്നാലും ഒന്നും സംഭവിക്കില്ലെന്ന ഡോ. ലളിതാംബികയുടെ പ്രസ്താവന വൻ വിവാദമായിരിക്കുകയാണ്.
ഇത്തരം സംഭവങ്ങൾ അപൂർവ്വമാണെന്നും, നിലവിൽ കണ്ടെത്തിയ ഉപകരണം 20 വർഷം മുൻപത്തെ ശസ്ത്രക്രിയയിൽ കുടുങ്ങിയതാണോ എന്ന് ഉറപ്പില്ലെന്നും അവർ വാദിക്കുന്നു. കെമിക്കൽ ടെസ്റ്റ് നടത്തിയാൽ മാത്രമേ ഉപകരണത്തിന്റെ പഴക്കം നിശ്ചയിക്കാൻ കഴിയൂ എന്ന സാങ്കേതിക ന്യായവും ഡോക്ടർ ഇതിനായി നിരത്തുന്നു.
കോവിഡ് രണ്ടാം തരംഗത്തിനിടയിലെ പ്രതികൂല സാഹചര്യത്തിൽ രോഗിയുടെ നന്മ കരുതിയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഡോ. ലളിതാംബിക പറയുന്നു. അണ്ഡാശയ അർബുദം സംശയിച്ചാണ് അന്ന് അടിയന്തരമായി ശസ്ത്രക്രിയ ചെയ്തതെന്നും, എന്നാൽ ആ സന്മനസ്സ് ഇപ്പോൾ തങ്ങൾക്ക് തന്നെ വിനയായിരിക്കുകയാണെന്നുമാണ് ഡോക്ടറുടെ വാദം.
സർക്കാർ ആശുപത്രികളിലെ സംവിധാനപ്പിഴവാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നാണ് ഡോ. ലളിതാംബികയുടെ വാദം. ശസ്ത്രക്രിയയ്ക്ക് മുൻപും ശേഷവും ഉപകരണങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ മതിയായ നഴ്സിംഗ് സ്റ്റാഫ് ഇല്ലാത്തത് വലിയ പോരായ്മയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
നിലവിലെ സാഹചര്യത്തിൽ ഡോക്ടർമാരും നഴ്സുമാരും തന്നെ എല്ലാം ചെയ്യേണ്ടി വരുന്നത് കൊണ്ട് ഉപകരണങ്ങൾ നഷ്ടപ്പെട്ടാൽ തിരിച്ചറിയാൻ കഴിയില്ലെന്നും, ഇത് വ്യക്തിപരമായ പിഴവല്ല മറിച്ച് സിസ്റ്റത്തിന്റെ തകരാറാണെന്നും ഡോക്ടർ സമർത്ഥിക്കുന്നു.രോഗി വീട്ടിൽ വന്ന് കണ്ടിരുന്നോ എന്ന് ഓർമ്മയില്ലെന്നും, പലരും പരിചയത്തിന്റെ പേരിൽ എത്താറുണ്ടെന്നുമാണ് ഡോ. ലളിതാംബികയുടെ വിശദീകരണം.
38 വർഷത്തെ സേവനത്തിനിടയിൽ ശസ്ത്രക്രിയയ്ക്കായി ആരോടും പണം വാങ്ങിയിട്ടില്ലെന്നും, തുച്ഛമായ ശമ്പളത്തിലാണ് ജോലി ചെയ്തതെന്നും അവർ അവകാശപ്പെടുന്നു. തന്റെ സത്യസന്ധത ആലപ്പുഴക്കാർക്ക് അറിയാമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.ഡോ. ലളിതാംബികയുടെ വാദങ്ങളെ തള്ളിക്കൊണ്ട് ആരോഗ്യമന്ത്രി വീണ ജോർജ് കടുത്ത ഭാഷയിൽ പ്രതികരിച്ചു.
ശസ്ത്രക്രിയ ഉപകരണങ്ങൾ ശരീരത്തിൽ കുടുങ്ങുന്നത് ഗൗരവകരമായ വീഴ്ചയാണെന്നും ഇത് നിസ്സാരവൽക്കരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. ജീവനക്കാരുടെ കുറവ് പറഞ്ഞ് ഉത്തരവാദിത്തത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറാനാകില്ലെന്നും സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
2021 മെയ് 5-നാണ് വണ്ടാനം മെഡിക്കൽ കോളേജിൽ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ നടന്നത്. അന്നുമുതൽ കഠിനമായ വേദനയും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിച്ചിരുന്നതായും ജോലിക്ക് പോലും പോകാൻ കഴിഞ്ഞിരുന്നില്ലെന്നും ഉഷ പറയുന്നു.
പല ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ഒടുവിൽ മൂത്രത്തിലൂടെ രക്തം വന്നതിനെത്തുടർന്ന് നടത്തിയ എക്സറേ പരിശോധനയിലാണ് വയറ്റിൽ കത്രിക കുടുങ്ങിയ വിവരം പുറത്തറിയുന്നത്.
