ചണ്ഡീഗഢ്: ‘ബീയിങ് ഹ്യൂമൻ’ ജ്വല്ലറി ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ ബോളിവുഡ് താരം സൽമാൻ ഖാനും സഹോദരി അൽവിര ഖാൻ അഗ്നിഹോത്രിക്കും ചണ്ഡീഗഢ് കോടതി സമൻസ് അയച്ചു. ഒക്ടോബർ അഞ്ചിന് കോടതിയിൽ നേരിട്ട് ഹാജരാകാനാണ് നിർദേശം. ഇവർക്ക് പുറമെ ലൈസൻസ് കമ്പനിയായ ‘സ്റ്റൈൽ ആൻഡ് കണ്ടന്റ് ജ്വല്ലറി പ്രൈവറ്റ് ലിമിറ്റഡിന്റെ’ ഡയറക്ടർമാർക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ചണ്ഡീഗഢ് സ്വദേശിയായ വ്യവസായി അരുൺ ഗുപ്ത നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി. മണിമാജ്‌റയിൽ ബീയിങ് ഹ്യൂമൻ ജ്വല്ലറി ഫ്രാഞ്ചൈസി ആരംഭിക്കുന്നതിനായി കരാർ വ്യവസ്ഥകൾ പ്രകാരം നാല് കോടി രൂപയോളം നിക്ഷേപിച്ചിട്ടും വാഗ്ദാനം ചെയ്ത പിന്തുണയോ ഉൽപ്പന്നങ്ങളോ നൽകിയില്ലെന്നാണ് പരാതിക്കാരന്റെ ആരോപണം. അതേസമയം, ആരോപണങ്ങൾ തള്ളിയ ലൈസൻസ് കമ്പനി, 2018-ൽ വ്യവസായിയുമായി ഒപ്പുവെച്ച കരാറിൽ സൽമാൻ ഖാന് നേരിട്ട് പങ്കില്ലെന്ന് വ്യക്തമാക്കി.

