ശബരിമല കട്ടിളപ്പാളി കടത്തുകേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. എന്നാൽ, ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ കടത്തിയ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ അദ്ദേഹത്തിന് ജയിൽ മോചിതനാകാൻ കഴിയില്ല.ശബരിമല കട്ടിളപ്പാളി കേസിൽ എട്ടാം പ്രതിയായ എ. പത്മകുമാർ 2025 നവംബർ 20-നാണ് അറസ്റ്റിലായത്.

ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹത്തിന്റെ അറിവോടെയാണ് കവർച്ച നടന്നതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ ദുരൂഹമായ അലംഭാവം സ്വർണക്കൊള്ളയ്ക്ക് വഴിതെളിച്ചതായും റിപ്പോർട്ടിലുണ്ട്.

തട്ടിപ്പിന് നേതൃത്വം നൽകിയ ഉണ്ണിക്കൃഷ്ണൻ പോറ്റിയും പത്മകുമാറും തമ്മിലുള്ള അടുത്ത ബന്ധം തെളിയിക്കുന്ന മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണക്കൊള്ളയിൽ ഇവർക്ക് നേരിട്ട് പങ്കുണ്ടെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ കേസിൽ നിർണായകമായി.

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് 2019-ലെ ദേവസ്വം ബോർഡ് അംഗങ്ങളായ കെ.പി. ശങ്കരദാസ്, എൻ. വിജയകുമാർ എന്നിവരെയും എസ്.ഐ.ടി. അറസ്റ്റ് ചെയ്തിരുന്നു. മുൻ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എൻ. വാസുവും ഈ കേസിൽ നേരത്തെ പിടിയിലായിരുന്നു.

ബോർഡിലെ പ്രധാനികളായ എല്ലാവരും തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.ശബരിമല സ്വർണാപഹരണക്കേസുകളിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി, തന്ത്രി കണ്ഠര് രാജീവര്, എൻ. വാസു എന്നിവരടക്കമുള്ള പ്രമുഖ പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങി.

എന്നാൽ, തിരുവാഭരണം മുൻ കമ്മിഷണർ കെ.എസ്. ബൈജുവിന് കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിച്ചെങ്കിലും ദ്വാരപാലക ശിൽപ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിൽ മോചിതനാകാൻ കഴിഞ്ഞില്ല

Leave a Reply

Your email address will not be published. Required fields are marked *