ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തെത്തി. കേരളത്തിലെ പൊതുജനാരോഗ്യ മേഖല അനാസ്ഥയുടെ പര്യായമായി മാറിയെന്നും, ‘നമ്പർ വൺ’ എന്ന സർക്കാർ പ്രചാരണം വെറും പബ്ലിസിറ്റി മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ആരോഗ്യരംഗത്തെ യഥാർത്ഥ വീഴ്ചകളാണ് ഇത്തരം സംഭവങ്ങളിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അഞ്ചുവർഷമായി രോഗി അനുഭവിച്ച ദുരിതം തിരിച്ചറിയാൻ കഴിയാത്തത് ആരോഗ്യ സംവിധാനത്തിന്റെ പരാജയമാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
ഈ ഗുരുതരമായ വീഴ്ചയെ സർക്കാർ ലാഘവത്തോടെയാണ് കാണുന്നതെന്നും, വിവരം പുറത്തുപറയാതെ മറച്ചുവെക്കാൻ ശ്രമിച്ചത് ക്രിമിനൽ കുറ്റമാണെന്നും അദ്ദേഹം ആരോപിച്ചു.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സത്യം മൂടിവെക്കാനുള്ള സർക്കാരിന്റെ ശ്രമം പരാജയമാണെന്നും മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഇതിൽ ഇടപെടാത്തതെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു.
മെഡിക്കൽ കോളേജിൽ പോകാൻ പോലും ജനങ്ങൾ ഭയപ്പെടുന്നത് ദൗർഭാഗ്യകരമാണ്. അന്വേഷണ സമിതികൾ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും, നീതി ലഭിക്കേണ്ടതിന് പകരം രോഗിയെ വീണ്ടും വൈകിപ്പിക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സിസ്റ്റത്തിലെ പിഴവുകൾ തിരുത്താനാണ് മന്ത്രിയെന്നും, സർക്കാർ ന്യായീകരണമല്ല അടിയന്തര സഹായമാണ് നൽകേണ്ടതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഹർഷിനയുടെ കേസിന് സമാനമായ സംഭവമാണിതെന്നും ചികിത്സാ ചെലവും നഷ്ടപരിഹാരവും സർക്കാർ വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണോ മോർച്ചറിയിലാണോ എന്ന് സംശയമുണ്ടെന്നായിരുന്നു കെ. മുരളീധരന്റെ പരിഹാസം.
