ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം മുൻ സെക്രട്ടറി എസ്. ജയശ്രീക്ക് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജയശ്രീയെ കസ്റ്റഡിയിൽ വേണമെന്ന നിലപാടിൽ സംസ്ഥാന സർക്കാർ ഉറച്ചുനിൽക്കാത്തതും, ഒരു സ്ത്രീയെന്ന നിലയിലുള്ള പ്രത്യേക പരിഗണനയും കണക്കിലെടുത്താണ് കോടതി നടപടി.
എസ്ഐടി ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്ഐടിയുടെ കസ്റ്റഡി ആവശ്യം തള്ളിയ സുപ്രീംകോടതി, ഒരു സ്ത്രീയെന്ന നിലയിലുള്ള പരിഗണന നൽകിയാണ് എസ്. ജയശ്രീക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.
എന്നാൽ, എൽഡി ക്ലർക്കായി ജോലിയിൽ പ്രവേശിച്ച് ദേവസ്വം സെക്രട്ടറി പദവി വരെ എത്തിയ ഒരാൾക്ക് സ്വർണ്ണവും ചെമ്പും തിരിച്ചറിയാൻ അറിയില്ലായിരുന്നോ എന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് പരിഹാസരൂപേണ ചോദിച്ചു.
താൻ ഒരിക്കലും ശബരിമലയിൽ പോയിട്ടില്ലെന്നും ബോർഡ് തീരുമാനങ്ങൾ നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നും എസ്. ജയശ്രീ സുപ്രീംകോടതിയെ അറിയിച്ചു.
ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളികൾ പുറത്തുകൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ലെന്നും തിരുവാഭരണ കമ്മീഷണറുടെ മേൽനോട്ടത്തിലാണ് പണികൾ നടന്നതെന്നും അവർ വാദിച്ചു. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിനെത്തുടർന്നാണ് ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചത്.
