2026 ടി-20 ലോകകപ്പിന്റെ ആവേശം സൂപ്പർ 8 പോരാട്ടങ്ങളിലേക്ക് കടക്കുന്നു. നാളെ (ഫെബ്രുവരി 21, ശനി) കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന പാകിസ്ഥാൻ – ന്യൂസിലാൻഡ് മത്സരത്തോടെയാണ് രണ്ടാം ഘട്ടത്തിന് തുടക്കമാകുന്നത്.

ഗ്രൂപ്പ് 1-ൽ ഇന്ത്യ, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ എന്നിവരും ഗ്രൂപ്പ് 2-ൽ പാകിസ്ഥാൻ, ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവരുമാണ് മാറ്റുരയ്ക്കുന്നത്.2026 ടി-20 ലോകകപ്പിന്റെ സൂപ്പർ 8 പോരാട്ടത്തിൽ ഫെബ്രുവരി 22-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.

ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ തവണ താരങ്ങൾ പൂജ്യത്തിന് പുറത്തായ (Ducks) ടീമെന്ന ‘നാണക്കേട്’ ഇന്ത്യയ്ക്കൊപ്പമാണ്; പ്രത്യേകിച്ച് ഓപ്പണർ അഭിഷേക് ശർമ്മ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായത് തിരിച്ചടിയായി. അതേസമയം, ഒറ്റ താരം പോലും പൂജ്യത്തിന് പുറത്താകാതെ കരുത്തുറ്റ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചാണ് ദക്ഷിണാഫ്രിക്ക സൂപ്പർ 8-ലേക്ക് എത്തുന്നത്.

ഗ്രൂപ്പ് ഘട്ടത്തിൽ എട്ട് തവണ ഇന്ത്യൻ താരങ്ങൾ പൂജ്യത്തിന് പുറത്തായി (Ducks). ഇതിൽ ഓപ്പണർ അഭിഷേക് ശർമ്മ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ (യു.എസ്.എ, പാകിസ്ഥാൻ, നെതർലൻഡ്‌സ്) റണ്ണൊന്നുമെടുക്കാതെ പുറത്തായത് വലിയ തിരിച്ചടിയായി. ടൂർണമെന്റിലെ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ ഡക്കുകൾ വഴങ്ങുന്ന ഇന്ത്യൻ താരം എന്ന മോശം റെക്കോർഡും ഇതോടെ താരത്തിന് ലഭിച്ചു.

യു.എസ്.എ.യ്‌ക്കെതിരായ മത്സരത്തിൽ മൂന്ന് ഇന്ത്യൻ താരങ്ങളാണ് റണ്ണൊന്നുമെടുക്കാതെ പുറത്തായത്. അഭിഷേക് ശർമയും ശിവം ദുബെയും നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായപ്പോൾ (Golden Duck), ഒരു പന്ത് പോലും നേരിടാതെ റണ്ണൗട്ടായി വരുൺ ചക്രവർത്തിയും (Diamond Duck) മടങ്ങി.

ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ നേരിട്ട ബാറ്റിംഗ് തകർച്ചയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഈ പ്രകടനം.നമീബിയക്കെതിരെ അക്സർ പട്ടേലും, പാകിസ്ഥാനെതിരെ അക്സർ, ഹർദിക് പാണ്ഡ്യ, അഭിഷേക് ശർമ എന്നിവരും പൂജ്യത്തിന് പുറത്തായി. ടൂർണമെന്റിൽ മൂന്നാം തവണയും ഡക്കായി മടങ്ങിയ അഭിഷേക് ശർമയുടെ മോശം ഫോം ഇന്ത്യയ്ക്ക് ആശങ്കയായി തുടരുന്നു.

ഒറ്റ താരം പോലും പൂജ്യത്തിന് പുറത്താകാതെ (Duck) ഗ്രൂപ്പ് ഡി-യിൽ നിന്ന് അപരാജിതരായാണ് ദക്ഷിണാഫ്രിക്ക സൂപ്പർ 8-ലേക്ക് എത്തുന്നത്. എന്നാൽ ഗ്രൂപ്പ് 1-ൽ പോരാട്ടം കടുപ്പമേറിയതാകും; ഇന്ത്യ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ എന്നീ നാല് ടീമുകളും ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് നേർക്കുനേർ വരുന്നത്.

പരാജയമറിയാത്ത നാല് ടീമുകൾ ഗ്രൂപ്പ് 1-ൽ അണിനിരക്കുമ്പോൾ, ഗ്രൂപ്പ് 2-ൽ ഓരോ തോൽവി വഴങ്ങിയ ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവരാണ് മാറ്റുരയ്ക്കുന്നത്.

സൂപ്പർ 8 ഘട്ടത്തിൽ ഓരോ ടീമിനും മൂന്ന് മത്സരങ്ങളുണ്ടാകും. പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ നേരിട്ട് സെമി ഫൈനലിലേക്ക് യോഗ്യത നേടും.

Leave a Reply

Your email address will not be published. Required fields are marked *