2026 ടി-20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ-8 പോരാട്ടത്തിൽ നാളെ (ഫെബ്രുവരി 22) ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് (GCA) ഈ ആവേശപ്പോരാട്ടത്തിന് വേദിയാകുന്നത്.
സെമി ഫൈനൽ സാധ്യതകൾ ഉറപ്പിക്കാൻ ഇരുടീമുകൾക്കും ഈ വിജയം അനിവാര്യമാണ്.അഭിഷേക് ശർമ തുടർച്ചയായി ഡക്കായി പുറത്താകുന്ന സാഹചര്യത്തിൽ, സഞ്ജു സാംസൺ പ്ലെയിങ് ഇലവനിലേക്ക് വരുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
എന്നാൽ അഭിഷേകിനെ പിന്തുണച്ച് ബൗളിംഗ് കോച്ച് മോണി മോർക്കൽ രംഗത്തെത്തിയത് സഞ്ജുവിന്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചു. എങ്കിലും, നിർണ്ണായകമായ ദക്ഷിണാഫ്രിക്കൻ മത്സരത്തിൽ സഞ്ജുവിനെ ഉൾപ്പെടുത്തണമെന്ന ശക്തമായ ആവശ്യം സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
സൂപ്പർ-8 പോരാട്ടത്തിന് മുന്നോടിയായി സഞ്ജു സാംസൺ മണിക്കൂറുകളോളം നെറ്റ്സിൽ കഠിന പരിശീലനം നടത്തുന്നതായി റിപ്പോർട്ടുകൾ. ഈ നീക്കം ടീമിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിന്റെ സൂചനയായാണ് ആരാധകർ കാണുന്നത്.
നമീബിയയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി സഞ്ജു നടത്തിയ കഠിന പരിശീലനം ഇത്തവണയും ആവർത്തിക്കുന്നത് ആരാധകർക്ക് പ്രതീക്ഷ നൽകുന്നു. ഒപ്പം, ടീമിലെ ഇടംകൈയ്യൻ ബാറ്റർമാരുടെ ആധിക്യം ഫിംഗർ സ്പിന്നർമാരെ നേരിടുന്നതിൽ വെല്ലുവിളിയാകുന്നുണ്ടെന്ന അസിസ്റ്റന്റ് കോച്ചിന്റെ വാക്കുകളും സഞ്ജുവിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു.
വലംകൈയ്യൻ ബാറ്ററായ സഞ്ജു ടീമിന് മികച്ചൊരു ഓപ്ഷനാണെന്ന അസിസ്റ്റന്റ് കോച്ച് ഡോഷേറ്റിന്റെ വാക്കുകൾ ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്നു. ദക്ഷിണാഫ്രിക്കൻ സ്പിന്നർമാരെ നേരിടാൻ സഞ്ജുവിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് ഇതിലൂടെ ലഭിക്കുന്ന സൂചന.
അഭിഷേക് ശർമ തുടരുമെന്ന് മോണി മോർക്കൽ വ്യക്തമാക്കിയ സാഹചര്യത്തിൽ, സഞ്ജുവിനായി തുറന്നുകിടക്കുന്ന മറ്റൊരു വഴി മൂന്നാം നമ്പറാണ്. നിലവിൽ ആ സ്ഥാനത്ത് കളിക്കുന്ന തിലക് വർമ പരിക്ക് മാറി വന്ന ശേഷം സ്ഥിരതയുള്ള പ്രകടനം കാഴ്ചവെച്ചിട്ടില്ല.
എല്ലാ കളികളിലും 20-ലധികം റൺസ് നേടുന്നുണ്ടെങ്കിലും തന്റെ പഴയ പ്രതാപത്തിലേക്ക് തിലകിന് എത്താൻ കഴിയാത്തത് സഞ്ജുവിന് പകരക്കാരനായി ടീമിലെത്താൻ വഴിതെളിച്ചേക്കാം.തിലകിന്റെ മോശം ഫോം സഞ്ജുവിന് മൂന്നാം നമ്പറിൽ അവസരമൊരുക്കുമെന്ന് ആരാധകർ കരുതുന്നു. മാനേജ്മെന്റ് ഈ മാറ്റത്തിന് തയ്യാറാകുമോ എന്ന് നാളെ അറിയാം.
