സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടുമ്പോൾ ഓപ്പണർ അഭിഷേക് ശർമയുടെ ഫോം വലിയ ആശങ്കയാകുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ താരം വലിയ നാണക്കേടിലാണ്. അഹമ്മദാബാദിലെ നിർണായക മത്സരത്തിൽ അഭിഷേകിന് താളം കണ്ടെത്താനാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താകുന്ന (Duck) ഇന്ത്യൻ താരമെന്ന മോശം റെക്കോർഡിൽ മലയാളി താരം സഞ്ജു സാംസണൊപ്പമെത്തിയിരിക്കുകയാണ് അഭിഷേക് ശർമ. 2024-ൽ സഞ്ജു അഞ്ച് തവണ പൂജ്യത്തിന് പുറത്തായപ്പോൾ, 2026-ൽ ഇതുവരെ കളിച്ച എട്ട് മത്സരങ്ങളിൽ നിന്ന് അഭിഷേകും അഞ്ച് തവണ ‘ഡക്കായി’.
ടി-20 ലോകകപ്പിന്റെ ഒരു എഡിഷനിൽ മൂന്ന് തവണ പൂജ്യത്തിന് പുറത്താകുന്ന ആദ്യ ഇന്ത്യൻ താരമെന്ന നാണക്കേടും ഇതോടെ അഭിഷേകിന്റെ പേരിലായി.കഴിഞ്ഞ ഏഴ് ഇന്നിങ്‌സുകളിൽ അഞ്ച് തവണ പൂജ്യത്തിന് പുറത്തായ അഭിഷേക് ശർമയുടെ ഫോമില്ലായ്മ ഇന്ത്യയെ വലയ്ക്കുന്നു.
സഞ്ജു സാംസൺ ഒരു വർഷം കൊണ്ട് സ്ഥാപിച്ച മോശം റെക്കോർഡിനൊപ്പമാണ് അഭിഷേക് വെറും രണ്ട് മാസത്തിനുള്ളിൽ എത്തിയത്. മറുവശത്ത്, റൺസ് കണ്ടെത്താൻ വിഷമിക്കുന്ന തിലക് വർമയുടെ മെല്ലെപ്പോക്കും വിമർശനത്തിന് വഴിവെച്ചു.
ഈ സാഹചര്യത്തിൽ, ഇവർക്ക് പകരം സഞ്ജു സാംസണെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന് മുഹമ്മദ് കൈഫ് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുന്നു.
സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തണമെന്ന മുറവിളികൾക്കിടയിലും, അഭിഷേക് ശർമയ്ക്കും തിലക് വർമയ്ക്കും പിന്തുണ പ്രഖ്യാപിച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് രംഗത്തെത്തി.
കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ ഇരുവരെയും മാറ്റില്ലെന്ന് വ്യക്തമാക്കിയതോടെ സഞ്ജുവിന്റെ സൂപ്പർ 8 സാധ്യതകൾ മങ്ങി. മോശം ഫോമിലാണെങ്കിലും യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം.
