ദക്ഷിണാഫ്രിക്കയോടേറ്റ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിൽ മാറ്റം വരുന്നു. തുടർച്ചയായി പരാജയപ്പെടുന്ന അഭിഷേക് ശർമയ്ക്ക് പകരം സഞ്ജു സാംസൺ പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്തിയേക്കും.ഫെബ്രുവരി 26-ന് ചെന്നൈയിൽ സിംബാബ്‌വെക്കെതിരെ നടക്കുന്ന മത്സരത്തിൽ സഞ്ജുവിനെ ഉൾപ്പെടുത്താൻ ഗൗരവമായ ആലോചന നടക്കുന്നുണ്ടെന്ന് അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷെറ്റ് സൂചന നൽകി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കനത്ത തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉറപ്പായി. 188 റൺസ് പിന്തുടർന്ന ഇന്ത്യ വെറും 111 റൺസിന് പുറത്തായതോടെയാണ് ഓപ്പണിംഗ് ജോഡിയിലെ പോരായ്മകൾ ചർച്ചയായത്. ടൂർണമെന്റിലുടനീളം ഓപ്പണർമാർ പരാജയപ്പെടുന്നത് ടീമിനെ കടുത്ത സമ്മർദ്ദത്തിലാക്കുന്നുവെന്ന് അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷെറ്റ് വാർത്താസമ്മേളനത്തിൽ തുറന്നുപറഞ്ഞു.

ടീമിൽ യുവതാരങ്ങൾ കൂടുതലായതിനാൽ സ്ഥിരതയുള്ള ഒരു ലൈനപ്പ് കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് പരിശീലകൻ വ്യക്തമാക്കി. നിലവിലെ താരങ്ങൾ മുൻപ് കഴിവ് തെളിയിച്ചവരായതിനാൽ, അവർക്ക് വീണ്ടും അവസരം നൽകണോ അതോ പുതിയ മാറ്റങ്ങൾ വരുത്തണോ എന്ന ആശയക്കുഴപ്പത്തിലാണ് മാനേജ്‌മെന്റ്.

എങ്കിലും പരാജയങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ മാറ്റങ്ങൾ അനിവാര്യമാണെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്.മികച്ച ഫോമിലുള്ളവർ പോലും റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ, സഞ്ജു സാംസണെ ടീമിലെടുക്കുന്നത് തന്ത്രപരമായ നേട്ടമാകുമെന്ന് പരിശീലകൻ വ്യക്തമാക്കി.

സഞ്ജുവിന്റെ സാന്നിധ്യം ബാറ്റിംഗ് നിരയ്ക്ക് കരുത്തേകുമെന്നും അദ്ദേഹത്തെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് വരും ദിവസങ്ങളിൽ ഗൗരവമായ ചർച്ചകൾ നടക്കുമെന്നും റയാൻ ടെൻ ഡോഷെറ്റ് കൂട്ടിച്ചേർത്തു.ലോകകപ്പിലെ മോശം ഫോമാണ് അഭിഷേക് ശർമ്മയ്ക്ക് തിരിച്ചടിയാകുന്നത്; കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും താരം പൂജ്യത്തിന് പുറത്തായിരുന്നു.

മൂന്നാം നമ്പറിൽ തിലക് വർമ്മയും നിരാശപ്പെടുത്തുന്ന സാഹചര്യത്തിൽ, നമീബിയക്കെതിരെ വെടിക്കെട്ട് പ്രകടനം (8 പന്തിൽ 22) നടത്തിയ സഞ്ജുവിനെ ടീം പരിഗണിക്കുന്നുണ്ട്. എങ്കിലും, 2025-ന് ശേഷം ഓപ്പണറായി ഇറങ്ങിയ 12 ഇന്നിംഗ്സുകളിൽ നിന്ന് വെറും 13 ശരാശരി മാത്രമാണ് സഞ്ജുവിനുള്ളത് എന്നത് മാനേജ്‌മെന്റിനെ കുഴപ്പിക്കുന്നു.

സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ സിംബാബ്‌വെക്കെതിരായ ചെന്നൈ പോരാട്ടം ഇന്ത്യക്ക് നിർണ്ണായകമാണ്. ഈ ജീവൻമരണ മത്സരത്തിൽ സഞ്ജുവിനെ ഓപ്പണറായി ഇറക്കി പരീക്ഷിക്കണോ, അതോ നിലവിലെ താരങ്ങളെ തന്നെ വിശ്വസിക്കണോ എന്ന കടുത്ത ആശയക്കുഴപ്പത്തിലാണ് ടീം മാനേജ്‌മെന്റ്.

Leave a Reply

Your email address will not be published. Required fields are marked *