രണ്ടു ദിവസത്തെ സന്ദർശനത്തിനായി ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് ബീജിംഗിലെത്തി. ജർമൻ കമ്പനികൾക്ക് ചൈനയിൽ കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം റഷ്യ-ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ചൈനയുടെ ഇടപെടൽ തേടലുമാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.കഴിഞ്ഞ മേയിൽ അധികാരമേറ്റ ശേഷം ചാൻസലർ ഫ്രെഡറിക് മെർസ് നടത്തുന്ന ആദ്യ ചൈന സന്ദർശനമാണിത്.

ഫ്രഞ്ച് പ്രസിഡന്റിനും ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും പിന്നാലെ താൻ എത്തിയത് കൃത്യമായ ലക്ഷ്യത്തോടെയാണെന്നും, ചൈനയുമായി നീതിയുക്തവും സന്തുലിതവുമായ പങ്കാളിത്തമാണ് ജർമ്മനി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ചൈനയുമായുള്ള സഹകരണമില്ലാതെ ആഗോള പ്രതിസന്ധികൾ പരിഹരിക്കാനാവില്ലെന്ന് മെർസ് വ്യക്തമാക്കി.

റഷ്യ–ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ചൈന സമ്മർദ്ദം ചെലുത്തണമെന്നും, വിശ്വസനീയമായ പങ്കാളിത്തമാണ് തങ്ങൾ ഇരുപക്ഷത്തുനിന്നും പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയുമായുള്ള വ്യാപാര-നയതന്ത്ര ബന്ധങ്ങൾ ഉപയോഗിച്ച് ചൈന യുദ്ധം അവസാനിപ്പിക്കാൻ നീതിയുക്തമായി ഇടപെടണമെന്ന് മെർസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ചൈന പുലർത്തുന്ന നിസ്സംഗതയിൽ പല യൂറോപ്യൻ രാജ്യങ്ങൾക്കും നിരാശയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ കക്ഷികളെയും ഉൾപ്പെടുത്തി ശാശ്വതമായ സമാധാന കരാറാണ് ലക്ഷ്യമെന്ന് ചൈനീസ് വക്താവ് മാവോ നിങ് വ്യക്തമാക്കി. അതേസമയം, ട്രംപിന്റെ താരിഫ് നയങ്ങൾക്കെതിരെ ലോകരാജ്യങ്ങളുടെ പിന്തുണ തേടുന്ന ചൈനയുമായി ജർമ്മനി സഹകരിക്കുന്നത് അമേരിക്കയ്ക്ക് വലിയൊരു നയതന്ത്ര വെല്ലുവിളിയാണ്.

Leave a Reply

Your email address will not be published. Required fields are marked *