കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ മന്ത്രി വീണാ ജോർജിനെ വിദഗ്ധ പരിശോധനകൾക്കായി പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എംആർഐ സ്‌കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്താൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു.

ആദ്യം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ അഞ്ചര മണിക്കൂർ ഐസിയു നിരീക്ഷണത്തിന് ശേഷമാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.

മന്ത്രിയെ കൂടുതൽ പരിശോധനകൾക്കായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും, റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ ആക്രമണം നടന്നതിന് തെളിവുകളില്ല.

ഇതിനിടെ, കണ്ണൂർ കോടിയേരിയിലെ കോൺഗ്രസ് ഓഫീസിന് അജ്ഞാതർ തീയിട്ടത് രാഷ്ട്രീയ സംഘർഷം രൂക്ഷമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് ഓഫീസുകൾക്കും കൊടിമരങ്ങൾക്കും നേരെ ആക്രമണം തുടരുന്നതായി ആരോപണമുണ്ട്.നെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന ആരോപണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തള്ളി.

മന്ത്രിയുടേത് വെറും അഭിനയമാണെന്നും പ്രവർത്തകർ അവരുടെ അടുത്തേക്കുപോലും പോയിട്ടില്ലെന്നും സതീശൻ പറഞ്ഞു. റെയിൽവേ പൊലീസിന്റെ അന്വേഷണത്തിൽ അക്രമത്തിന് തെളിവില്ലെന്ന് വ്യക്തമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിയുടെ കൈയിലുണ്ടെന്ന് പറയുന്ന പരിക്ക് പഴയ ചിത്രങ്ങളിലും കാണാമെന്നും, സ്പീക്കർ ഇത്തരമൊരു ഗൂഢാലോചനയിൽ പങ്കാളിയാകരുതായിരുന്നു എന്നും വി.ഡി. സതീശൻ ആരോപിച്ചു.

കെഎസ്‌യുക്കാർ ആക്രമിച്ചു എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച് എം.വി. ഗോവിന്ദൻ സി.പി.എം പ്രവർത്തകരെ അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കരിങ്കൊടി കാണിച്ച പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തത് തെറ്റാണെന്നും സർക്കാരിനെതിരായ ജനവികാരം വഴിതിരിച്ചുവിടാനാണ് ഇത്തരം ശ്രമങ്ങളെന്നും വി.ഡി. സതീശൻ ആരോപിച്ചു.

എന്നാൽ, ‘കൊല്ലെടാ’ എന്ന് ആക്രോശിച്ചുകൊണ്ട് കെഎസ്‌യു പ്രവർത്തകർ മന്ത്രിക്ക് നേരെ ചാടിവീണുവെന്നാണ് പൊലീസിന്റെ എഫ്‌ഐആർ.

മന്ത്രിയുടെ സുരക്ഷാ ജീവനക്കാരന്റെ പരാതിയിലാണ് കണ്ണൂർ റെയിൽവേ പൊലീസ് കേസെടുത്തത്.കെഎസ്‌യു പ്രവർത്തകർക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആരോപിച്ചു. മന്ത്രിക്ക് പരിക്കേറ്റതിന്റെ ദൃശ്യങ്ങളോ തെളിവുകളോ പുറത്തുവിടാൻ അദ്ദേഹം വെല്ലുവിളിച്ചു.

പഴയ പരിക്ക് കാട്ടി നാടകം കളിക്കുകയാണെന്നും, മുൻപ് യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ചതിനെ ‘രക്ഷാപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെ അദ്ദേഹം പരിഹസിച്ചു.മന്ത്രി വീണാ ജോർജിനുനേരെ കണ്ണൂരിൽ നടന്നത് ആസൂത്രിതമായ ഗുണ്ടായിസമാണെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു.

പ്രവർത്തകർ മന്ത്രിക്ക് അരികിലെത്തിയില്ലെന്ന വി.ഡി. സതീശന്റെ വാദം പുതിയൊരു നുണയാണെന്നും അദ്ദേഹം പരിഹസിച്ചു.

ലോകോത്തരമായ കേരളത്തിന്റെ ആരോഗ്യമേഖലയെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

സ്വകാര്യ ആശുപത്രി ലോബികൾക്കായി സർക്കാർ ആശുപത്രികളെ അപകീർത്തിപ്പെടുത്തുകയാണെന്നും ഇതിന് പിന്നിൽ ‘കനഗോലു സിദ്ധാന്ത’മാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

മന്ത്രിയുടെ വീട്ടിൽ റീത്ത് വെച്ചവർ തന്നെയാണ് ഇപ്പോൾ ആക്രമണം നടത്തിയതെന്നും, നുണ പറഞ്ഞ് രക്ഷപ്പെടാനാണ് സതീശൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യപരമായ പ്രതിഷേധമാകാം, എന്നാൽ ഇത്തരം ഗുണ്ടായിസം വച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *