തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സ്ത്രീ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായവരുടെ വിവരങ്ങൾ ചോർന്നതിന്റെ രേഖകൾ രമേശ് ചെന്നിത്തല പുറത്തുവിട്ടു. ഒരു കോടിയിലധികം പേരുടെ സ്വകാര്യ വിവരങ്ങൾ ഇതിനകം ചോർന്നതായും, മുഖ്യമന്ത്രിയുടെ ഒഎസ്ഡി ശ്രീറാം സാംബശിവ റാവുവിന്റെ നേതൃത്വത്തിലാണ് ഈ ഇടപാടുകൾ നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

വിവരങ്ങൾ വിദേശ കമ്പനികൾക്കും സ്വകാര്യ ഏജൻസികൾക്കും കൈമാറിയതിൽ വലിയ അഴിമതിയുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.മുഖ്യമന്ത്രിയുടെ ഒഎസ്ഡി ശ്രീറാം സാംബശിവ റാവു വഴി ഒരു കോടിയിലധികം പേരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി സ്വകാര്യ കമ്പനികൾക്ക് കൈമാറിയത് നഗ്നമായ ഡാറ്റാ മോഷണവും ക്രിമിനൽ കുറ്റവുമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

ജനങ്ങളുടെ ഫോൺ നമ്പറും വാർഡ് വിവരങ്ങളും അടക്കമുള്ളവ ചോർത്തിയെന്നും, മുഖ്യമന്ത്രിയുടെ ഔദ്യോഗിക ബിസിനസ് അക്കൗണ്ട് വഴി വാട്സാപ്പ് സന്ദേശങ്ങൾ അയച്ചത് അങ്ങേയറ്റം നിയമവിരുദ്ധമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സ്വർണത്തേക്കാൾ വിലയുള്ള ജനങ്ങളുടെ ഡാറ്റ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ചോർത്തിയെന്നും, ഈ ഗുരുതര വീഴ്ചയുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.ഡാറ്റാ ചോർച്ചാ പരാതി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

സ്പാർക്ക് (SPARK) സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ ലഭിച്ചുവെന്ന് ജസ്റ്റിസ് ബിച്ചു കുര്യൻ തോമസ് നേരത്തെ ചോദിച്ചിരുന്നു. എത്രപേർക്ക് ഇത്തരത്തിൽ സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്ന കൃത്യമായ കണക്ക് ഇന്ന് കോടതിയെ ബോധ്യപ്പെടുത്താൻ സർക്കാർ നിർബന്ധിതരാകും.ജീവനക്കാരുടെ വിവരങ്ങൾ മുഖ്യമന്ത്രിക്ക് എവിടെനിന്ന് ലഭിച്ചുവെന്നും ഡാറ്റാ ചോർച്ച പ്രഥമദൃഷ്ട്യാ നടന്നതായും ഹൈക്കോടതി നിരീക്ഷിച്ചു.

രാഷ്ട്രീയ പ്രചാരണത്തിനായി മുഖ്യമന്ത്രി നേരിട്ട് വിവരങ്ങൾ ഉപയോഗിച്ചുവെന്ന ഹർജിക്കാരുടെ വാദത്തെത്തുടർന്ന്, കേസ് വീണ്ടും പരിഗണിക്കുന്നത് വരെ സന്ദേശങ്ങൾ അയക്കില്ലെന്ന് സർക്കാർ കോടതിയിൽ ഉറപ്പുനൽകി. ഡിഎ വർധനവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ എണ്ണിപ്പറഞ്ഞാണ് കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ പേരിൽ വാട്സാപ്പ് സന്ദേശങ്ങൾ എത്തിയത്.

ഡാറ്റാ ചോർച്ചാ വിവാദത്തിനിടയിലും ‘ചീഫ് മിനിസ്റ്റർ ഓഫീസ് കേരള’ എന്ന വാട്സാപ്പ് അക്കൗണ്ട് വഴി മുഖ്യമന്ത്രി വ്യവസായികൾക്കും സന്ദേശങ്ങൾ അയച്ചു. കേരളം നിക്ഷേപകരുടെ സ്വന്തം നാടാണെന്നും സർക്കാർ സംരംഭകർക്കൊപ്പമുണ്ടെന്നും സന്ദേശത്തിൽ പറയുന്നു.

എന്നാൽ ഈ വിവരങ്ങൾ കെ-സ്മാർട്ട് (K-SMART) വഴി ചോർത്തിയതാണോ എന്നതിൽ വ്യക്തതയില്ല. വ്യവസായ വകുപ്പിന് ലഭിച്ച ദേശീയ-അന്തർദേശീയ അംഗീകാരങ്ങളെക്കുറിച്ചും പിന്തുണയ്ക്ക് നന്ദി അറിയിച്ചും അയച്ച സന്ദേശം പുതിയ വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *