അഫ്ഗാനിസ്ഥാനുമായുള്ള പാകിസ്ഥാൻ യുദ്ധത്തിൽ താൻ ഇടപെടാത്തത് അവിടെ മികച്ച പ്രധാനമന്ത്രിയും ജനറലും ഉള്ളതുകൊണ്ടാണെന്ന് ഡൊണാൾഡ് ട്രംപ്. ഷെഹബാസ് ഷെരീഫിനെയും അസിം മുനീറിനെയും പ്രശംസിച്ച ട്രംപ്, പാകിസ്ഥാന് നിലവിൽ ശക്തമായ നേതൃത്വമുണ്ടെന്നും വ്യക്തമാക്കി.
പാകിസ്ഥാനുമായുള്ള അമേരിക്കയുടെ ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ട്രംപ് വൈറ്റ് ഹൗസിൽ നിലപാട് വ്യക്തമാക്കി. തനിക്ക് പാകിസ്ഥാനുമായി നല്ല ബന്ധമാണെന്നും ഷെഹബാസ് ഷെരീഫിനെയും ജനറലിനെയും താൻ ഏറെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
യു.എസ് അണ്ടർ സെക്രട്ടറി അലിസൺ ഹുക്കർ പാക് വിദേശകാര്യ സെക്രട്ടറി അംന ബലൂച്ചുമായി ഫോണിൽ സംസാരിക്കുകയും പാകിസ്ഥാനുള്ള ഔദ്യോഗിക പിന്തുണ ഉറപ്പുനൽകുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
പാക്-അഫ്ഗാൻ സംഘർഷത്തിൽ മരിച്ചവർക്ക് അനുശോചനം അറിയിച്ച യു.എസ് അണ്ടർ സെക്രട്ടറി അലിസൺ ഹുക്കർ, പാകിസ്ഥാന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. താലിബാൻ ആക്രമണങ്ങൾക്കെതിരെ സ്വയം പ്രതിരോധിക്കാൻ പാകിസ്ഥാന് അവകാശമുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും അവർ എക്സിലൂടെ വ്യക്തമാക്കി.
പാകിസ്ഥാൻ കബൂളിലും കാണ്ഡഹാറിലും ആക്രമണം നടത്തിയതിന് പിന്നാലെ അഫ്ഗാനുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ചു. ഇരുപക്ഷത്തെയും നാശനഷ്ടങ്ങളെക്കുറിച്ച് പരസ്പരവിരുദ്ധമായ കണക്കുകൾ പുറത്തുവരുന്നത് നിലവിൽ വലിയ ആശയക്കുഴപ്പത്തിന് കാരണമാകുന്നുണ്ട്.
പാക്-അഫ്ഗാൻ സംഘർഷത്തിൽ സമാധാനാഹ്വാനവുമായി യു.കെ, ചൈന, ഇറാൻ എന്നീ രാജ്യങ്ങൾ രംഗത്തെത്തി. ആക്രമണം കുറയ്ക്കാൻ യു.കെ ആവശ്യപ്പെട്ടപ്പോൾ, വെടിനിർത്തലിന് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ചൈനയും ഇറാനും അറിയിച്ചു.
