ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ കരട് രേഖ തയ്യാറായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ പ്രതിനിധികളും ചേർന്ന് ഡൽഹിയിൽ സംയുക്ത പ്രസ്താവന നടത്തി. ഫെബ്രുവരി 27-ഓടെ ചർച്ചകൾ പൂർത്തിയായതായി ഇരുപക്ഷവും സ്ഥിരീകരിച്ചു.
കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കരട് പ്രകാരം അടുത്ത അഞ്ച് വർഷത്തേക്ക് ഇന്ത്യയും യൂറോപ്യൻ യൂണിയനും ‘ഏറ്റവും അനുകൂല രാഷ്ട്രങ്ങൾ’ ആയിരിക്കും. ‘
എല്ലാ ഇടപാടുകളുടെയും മാതാവ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കരാറിലൂടെ ഇന്ത്യയിൽ നിന്നുള്ള 96 ശതമാനം ഉൽപ്പന്നങ്ങളും നികുതിയില്ലാതെ കയറ്റുമതി ചെയ്യാനാകും.യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഇന്ത്യൻ ഉൽപ്പന്നങ്ങൾ നികുതിയില്ലാതെ കയറ്റുമതി ചെയ്യാൻ ഈ കരാർ വഴി സാധിക്കും.
ഇതിനു പകരമായി വില കുറഞ്ഞ ആഡംബര കാറുകളും വൈനുകളും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാം. അടുത്ത ഒരു വർഷത്തിനുള്ളിൽ പ്രാബല്യത്തിൽ വരുന്ന കരാറിലൂടെ 2032-ഓടെ കയറ്റുമതി ഇരട്ടിയാകുമെന്നും എന്നാൽ അരി, പാലുൽപ്പന്നങ്ങൾ തുടങ്ങിയ കാർഷിക മേഖലകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ഈ സ്വതന്ത്ര വ്യാപാര കരാർ ലോകവ്യാപാര സംഘടനയുടെ (WTO) നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിധേയമായിരിക്കും. സർട്ടിഫിക്കേഷൻ, ഓഡിറ്റ് നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും കരാർ രേഖയിൽ വ്യക്തമാക്കുന്നു.പുതിയ നിയന്ത്രണങ്ങളില്ലാതെ ഡിജിറ്റൽ വ്യാപാരത്തിൽ സഹകരണം ഉറപ്പാക്കുന്നതാണ് ഈ കരാർ.
വാർഷിക ഡാറ്റ കൈമാറ്റത്തിലൂടെ ഇറക്കുമതി നിരീക്ഷിക്കാനും നികുതി ഇളവുകൾ ഫലപ്രദമാക്കാനും ഇരുപക്ഷവും തീരുമാനിച്ചു. ഇതോടെ യൂറോപ്യൻ യൂണിയന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ഇന്ത്യ മാറുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
