ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസിന് സമീപം വൻ സ്ഫോടനങ്ങൾ നടന്നു. ആക്രമണ സമയത്ത് അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ലെന്നും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.
യുഎസ് പിന്തുണയോടെ നടന്ന ഈ നീക്കത്തിന് പിന്നാലെ ഇറാനിൽ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുകയും വ്യോമാതിർത്തി അടയ്ക്കുകയും ചെയ്തു. തിരിച്ചടി ഭയന്ന് ഇസ്രയേലിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.ഇറാന്റെ ഭീഷണികൾ ഇല്ലാതാക്കാനാണ് ‘മുൻകരുതൽ’ (Pre-emptive) ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് സ്ഥിരീകരിച്ചു.
മാസങ്ങളായി ആസൂത്രണം ചെയ്ത ഈ നീക്കത്തിന് പിന്നാലെ ഇസ്രയേലിലുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സൈറണുകൾ മുഴങ്ങുകയും ചെയ്തു. അമേരിക്കയുടെ കൂടി പങ്കാളിത്തത്തോടെ നടന്ന ഈ ആക്രമണത്തെത്തുടർന്ന് ഇരുരാജ്യങ്ങളും തങ്ങളുടെ വ്യോമപാതകൾ അടച്ചിരിക്കുകയാണ്.
