ഇന്ത്യയും ഇൻഡിഗോയും തങ്ങളുടെ ഗൾഫ് സർവീസുകൾ റദ്ദാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു.

ഇറാൻ-ഇസ്രയേൽ വ്യോമപാതകൾ അടച്ചതോടെ ദുബായ്, അബുദാബി, കുവൈത്ത്, ദോഹ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ കൂട്ടത്തോടെ മുടങ്ങി. സാഹചര്യം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും വരുംദിവസങ്ങളിൽകൂടുതൽ മാറ്റങ്ങളുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും വ്യോമപാത നിയന്ത്രണങ്ങളും കണക്കിലെടുത്ത് ഇൻഡിഗോ ഗൾഫ് മേഖലയിലേക്കുള്ള എല്ലാ സർവീസുകളും അർധരാത്രി (00:00 hrs) വരെ റദ്ദാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും കമ്പനി അറിയിച്ചു.

വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുൻപ് വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ എംബസി അതീവ ജാഗ്രതാ നിർദ്ദേശം നൽകി.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അനാവശ്യ യാത്രകൾ ഒഴിവാക്കാനും നിർദ്ദിഷ്ട സുരക്ഷിത കേന്ദ്രങ്ങൾക്കും ഷെൽട്ടറുകൾക്കും (Designated Shelters) സമീപം തന്നെ തുടരാനും നിർദ്ദേശമുണ്ട്. പ്രാദേശിക ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ എംബസി ഹെൽപ്പ് ലൈനുമായി ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറയുന്നു.

ഇസ്രയേലിലെയും ഇറാനിലെയും ഇന്ത്യൻ പൗരന്മാർക്ക് അതാത് എംബസികൾ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. അത്യാവശ്യ ഘട്ടങ്ങളിൽ ടെൽ അവീവിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ +972-54-7520711 എന്ന നമ്പറും cons1.telaviv@mea.gov.in എന്ന ഇമെയിൽ വിലാസവും നൽകിയിട്ടുണ്ട്.

ഇറാനിലുള്ളവർ വീടിനുള്ളിൽ തന്നെ തുടരാനും വാർത്തകൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ടെഹ്‌റാനിലെ എംബസി നിർദ്ദേശിച്ചു. സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് എംബസികൾ കൂടുതൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കും.


Leave a Reply

Your email address will not be published. Required fields are marked *