ഇംഗ്ലണ്ടിനെതിരായ രണ്ടാം സെമിഫൈനലിൽ ഇന്ത്യൻ ടീമിൽ മാറ്റം നിർദ്ദേശിച്ച് മുൻ പരിശീലകൻ രവി ശാസ്ത്രി. ഫോം ഔട്ടായ ഓപ്പണർ അഭിഷേക് ശർമ്മയ്ക്ക് പകരം ഇഷാൻ കിഷനെ വാംഖഡെയിൽ ഓപ്പണറായി ഇറക്കണമെന്നാണ് ശാസ്ത്രിയുടെ അഭിപ്രായം.

ലോക ഒന്നാം നമ്പർ താരമായ അഭിഷേകിന്റെ ഈ ലോകകപ്പിലെ മോശം പ്രകടനമാണ് ഇത്തരമൊരു മാറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കഴിഞ്ഞ ആറ് മത്സരങ്ങളിൽ നിന്ന് 13.3 ശരാശരിയിൽ വെറും 80 റൺസ് മാത്രമാണ് അഭിഷേക് ശർമ്മയ്ക്ക് നേടാനായത്.

ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് തവണ പൂജ്യത്തിന് പുറത്തായ താരം, വെസ്റ്റ് ഇൻഡീസിനെതിരായ കഴിഞ്ഞ മത്സരത്തിലും 10 റൺസിന് പുറത്തായി നിരാശപ്പെടുത്തി.അഭിഷേക് ശർമ്മയുടെ ആത്മവിശ്വാസം തകർന്നിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമേ സെമിയിൽ താരത്തെ കളിപ്പിക്കാവൂ എന്ന് ശാസ്ത്രി നിർദ്ദേശിച്ചു.

അഭിഷേക് മാനസികമായി തളർന്നിട്ടുണ്ടെങ്കിൽ സഞ്ജു സാംസണിനൊപ്പം ഇഷാൻ കിഷനെ ഓപ്പണറാക്കണമെന്നും, മധ്യനിരയിൽ റിങ്കു സിംഗിനെ തിരികെ കൊണ്ടുവരണമെന്നുമാണ് ശാസ്ത്രിയുടെ അഭിപ്രായം.

അഭിഷേക് ശർമ്മയുടെ ആത്മവിശ്വാസം തകർന്നിട്ടുണ്ടെങ്കിൽ മാത്രമേ ഇഷാൻ കിഷനെ ഓപ്പണറാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാവൂ എന്ന് ശാസ്ത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷം വാംഖഡെയിൽ ഇംഗ്ലണ്ടിനെതിരെ അഭിഷേക് നേടിയ തകർപ്പൻ സെഞ്ചുറി (54 പന്തിൽ 135 റൺസ്) അദ്ദേഹത്തിന്റെ മികവിന് തെളിവായി ശാസ്ത്രി ചൂണ്ടിക്കാട്ടി.

ഇഷാൻ കിഷൻ ഈ ടൂർണമെന്റിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 224 റൺസുമായി മികച്ച ഫോമിലാണ്; നമീബിയക്കെതിരെ 24 പന്തിൽ 61 റൺസ് താരം അടിച്ചുകൂട്ടിയിരുന്നു.

അതേസമയം, റിങ്കു സിംഗിന് ഇതുവരെ തിളങ്ങാനായിട്ടില്ലെങ്കിലും സഞ്ജു സാംസൺ മികച്ച പ്രകടനമാണ്കാഴ്ചവെക്കുന്നത്. വിൻഡീസിനെതിരായ മത്സരത്തിൽ പുറത്താകാതെ 97 റൺസ് നേടിയ സഞ്ജുവാണ് ഇന്ത്യയെ സെമിയിലേക്ക് നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *