രണ്ടാം ലോകകിരീടത്തിലേക്ക് ഇനി വെറും രണ്ട് ചുവടുകൾ മാത്രം. വാങ്കഡെയിലെ നീലക്കടലിനെ സാക്ഷിയാക്കി, സഞ്ജു സാംസണിന്റെയും സംഘത്തിന്റെയും ആദ്യ കടമ്പ ഇന്ന് വൈകിട്ട് ഏഴിന് തുടങ്ങുന്നു. ഇന്ത്യയുടെ കിരീടസ്വപ്നങ്ങൾക്ക് കരുത്തേകാൻ ആരാധകരും വാങ്കഡെയും ഒരുങ്ങിക്കഴിഞ്ഞു.സെമിഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.
സ്ഥിരതയാർന്ന പ്രകടനവുമായി അവർ വെല്ലുവിളി ഉയർത്തുമ്പോൾ വാങ്കഡെയിൽ ഇന്നൊരു തീപാറും പോരാട്ടം ഉറപ്പാണ്.സൂപ്പർ 8-ലെ തകർച്ചയ്ക്ക് ശേഷം കരുത്തുറ്റ തിരിച്ചുവരവ് നടത്തിയ ഇന്ത്യയുടെ പ്രതീക്ഷ സഞ്ജു സാംസണിലാണ്.
വാങ്കഡെയിലെ ആരാധകക്കൂട്ടം ഇന്ത്യയ്ക്ക് ആവേശം പകരുമ്പോൾ, തങ്ങൾ ചില പദ്ധതികൾ ഒരുക്കിവച്ചിട്ടുണ്ടെന്ന സാം കറന്റെ മുന്നറിയിപ്പ് ഇന്ത്യൻ ടോപ് ഓർഡറിന് വെല്ലുവിളിയാണ്.സെമിഫൈനലിൽ ഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ വരുന്നത് ഇത് തുടർച്ചയായ മൂന്നാം തവണയാണ്.
കഴിഞ്ഞ രണ്ട് തവണയും (2022, 2024) സെമി ജയിച്ചവർ തന്നെയാണ് കിരീടം ചൂടിയത് എന്നതിനാൽ, ഇന്നത്തെ വിജയികൾക്ക് ലോകകിരീടം ഏറെക്കുറെ ഉറപ്പിക്കാം.
വിൻഡീസിനെതിരായ നിർണായക ജയത്തിന് പിന്നാലെ സഞ്ജു സാംസൺ ആരാധകരുടെ ആവേശമായി മാറി. ചൊവ്വാഴ്ച കഠിന പരിശീലനം നടത്തിയ ഇന്ത്യൻ ടീം ഇന്നലെ വിശ്രമത്തിലായിരുന്നു; എന്നാൽ തിലക് വർമ്മയും റിങ്കു സിങ്ങും ഉൾപ്പെടെയുള്ള യുവനിര പരിശീലനത്തിന് ഇറങ്ങിയിരുന്നു.
ഈ ടൂർണമെന്റിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന അഭിഷേക് ശർമയിൽ നിന്ന് ഇന്ന് ഒരു വൻ തിരിച്ചുവരവാണ് ടീം ഇന്ത്യ പ്രതീക്ഷിക്കുന്നത്.
സൂപ്പർ 8-ൽ സഞ്ജു കത്തിക്കയറിയതുപോലെ, വാങ്കഡെയിൽ മുൻപ് ഇംഗ്ലണ്ടിനെതിരെ 135 റൺസ് അടിച്ചെടുത്ത അതേ മികവ് അഭിഷേക് പുറത്തെടുത്താൽ ഇന്ത്യയ്ക്ക് വിജയം ഉറപ്പിക്കാം.വാങ്കഡെയിൽ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടിയ ചരിത്രമുള്ള അഭിഷേക് ശർമയുടെ ഫോമിലാണ് ഇന്ത്യയുടെ കണ്ണ്.
മറുഭാഗത്ത് വിൽ ജാക്സിന്റെ ഓൾറൗണ്ട് മികവിലും ഹാരി ബ്രൂക്ക്, സാം കറൻ എന്നിവരുടെ ബാറ്റിങ്ങിലുമാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. എന്നാൽ ഓപ്പണർമാരായ ബട്ലറും സോൾട്ടുംഫോമിലല്ലാത്തത് അവർക്ക് വലിയ തിരിച്ചടിയാണ്
