ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിന് ഐസിസി പിഴ ചുമത്തി. ന്യൂസിലൻഡിനെതിരായ ഫൈനലിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നടപടി. മാച്ച് ഫീയുടെ 15 ശതമാനമാണ് താരം പിഴയായി നൽകേണ്ടത്.
അഹമ്മദാബാദിലെ ഫൈനലിനിടെ ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലിന് നേരെ പന്ത് വലിച്ചെറിഞ്ഞതിനാണ് അർഷ്ദീപ് സിങ്ങിന് പിഴ ചുമത്തിയത്. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.9 ലംഘിച്ച താരം മാച്ച് ഫീയുടെ 15 ശതമാനം പിഴയൊടുക്കണം.
അപകടകരമായ രീതിയിൽ എതിർതാരത്തിന് നേരെ പന്തെറിയുന്നത് കുറ്റകരമാണെന്ന് ഐസിസി വ്യക്തമാക്കി.
ഫീൽഡ് ചെയ്ത പന്ത് വിക്കറ്റിലേക്ക് എറിയുന്നതിനിടെ ഡാരിൽ മിച്ചലിന്റെ ശരീരത്തിൽ കൊണ്ടതാണ് തർക്കത്തിന് കാരണമായത്. മിച്ചൽ ക്ഷുഭിതനായെങ്കിലും അർഷ്ദീപ് മാപ്പ് പറയാൻ തയ്യാറാകാതിരുന്നത് സ്ഥിതി വഷളാക്കി. ഒടുവിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇടപെട്ട് മിച്ചലിനോട് ക്ഷമ ചോദിച്ചാണ് രംഗം ശാന്തമാക്കിയത്.
മത്സരശേഷം അർഷ്ദീപ് നേരിട്ടെത്തി ഡാരിൽ മിച്ചലിനോട് ക്ഷമ ചോദിച്ചു. ആ ത്രോ മനഃപൂർവമായിരുന്നില്ലെന്ന് താരം വ്യക്തമാക്കി. തുടർന്ന് ഇരുവരും സൗഹൃദം പങ്കിടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇതോടെ ഗ്രൗണ്ടിലെ തർക്കം അവസാനിച്ചെങ്കിലും ഐസിസി പിഴ നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു.
