ഹോർമുസ് കടലിടുക്ക് അടച്ചതോടെ സൗദി അരാംകോ ചെങ്കടൽ വഴി എണ്ണനീക്കം ആരംഭിച്ചു. ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ വഴി യാൻബു തുറമുഖത്തെത്തിച്ചാണ് ടാങ്കറുകളിൽ എണ്ണ സംഭരിക്കുന്നത്. ഇതോടൊപ്പം ആഗോള ഇന്ധനക്ഷാമം കുറയ്ക്കാൻ റഷ്യൻ എണ്ണയ്ക്കുള്ള ഉപരോധങ്ങളിൽ ട്രംപ് ഭരണകൂടം ഇളവുകൾ പ്രഖ്യാപിച്ചു.
അബുദാബിയിലെ അഡ്നോക് പ്ലാന്റിന് നേരെയും കുവൈത്തിന് നേരെയും ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ സൈന്യം പരാജയപ്പെടുത്തി.
ആക്രമണങ്ങളിൽ ആളപായമില്ലെങ്കിലും സൗദിയിലെ അസ് സുൽഫിയിൽ ഡ്രോൺ പതിച്ച് കെട്ടിടങ്ങൾ തകർന്നു. അൽഖർജിലും സമാനമായ ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇറാഖിലെ യുഎഇ കോൺസുലേറ്റിന് നേരെയും ശക്തമായ ഡ്രോൺ ആക്രമണമുണ്ടായി. യുഎഇ ലക്ഷ്യമിട്ടെത്തിയ 9 മിസൈലുകളിൽ എട്ടും, 35 ഡ്രോണുകളിൽ 26 എണ്ണവും പ്രതിരോധ സേന തകർത്തു. ആക്രമണങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 122 ആയി ഉയർന്നു; ഇതിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു.
