പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസ് നടത്തി. രാജ്യം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ ‘ടീം ഇന്ത്യ’യായി ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.കൊവിഡ് കാലത്തെ മാതൃകയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒത്തൊരുമിച്ച് നീങ്ങണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പശ്ചിമേഷ്യൻ സംഘർഷം സൃഷ്ടിക്കുന്ന ഊർജ സുരക്ഷാ വെല്ലുവിളികളും അവശ്യവസ്തുക്കളുടെ വിതരണവും യോഗം പ്രധാനമായും ചർച്ച ചെയ്തു.പശ്ചിമേഷ്യൻ പ്രതിസന്ധി നേരിടാൻ കൂടുതൽ നിരീക്ഷണവും തന്ത്രങ്ങളും ആവശ്യമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
മാർച്ച് മുതൽ മന്ത്രിതല സംഘം സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും സാമ്പത്തിക-ഊർജ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന ഏകോപനം അനിവാര്യമാണെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. അമിത് ഷാ, രാജ്‌നാഥ് സിംഗ് എന്നിവരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്ത യോഗത്തിൽ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹംഓർമ്മിപ്പിച്ചു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കേരളം, തമിഴ്‌നാട്, ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തില്ല. പകരം ഈ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കായി സർക്കാർ പ്രത്യേക യോഗം വിളിക്കും.
