തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽനിന്ന് കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ അറിയിച്ചു. മഹാബലിപുരത്ത് നടന്ന സതേൺ സോണൽ കൗൺസിൽ യോഗത്തിനിടെ ഇരു മുഖ്യമന്ത്രിമാരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിർണായക ധാരണയായത്.
കേരളത്തിന്റെ പ്രത്യേക ഭൂമിശാസ്ത്ര സാഹചര്യവും വികസന ആവശ്യങ്ങളും കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കണമെന്ന് വി.ഡി. സതീശൻ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് മുൻപും വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. വിഷയത്തിൽ ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥർ തമ്മിൽ കൂടുതൽ ചർച്ചകൾ നടത്തി ഉടൻതന്നെ അനുയോജ്യമായ അന്തിമ തീരുമാനമെടുക്കാൻ ധാരണയായിട്ടുണ്ട്.

