യേശുദേവൻ മരണത്തെ കീഴടക്കി ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. 50 ദിവസത്തെ വ്രതശുദ്ധിക്കു ശേഷം എത്തിയ ഈ പുണ്യദിനം പ്രത്യാശയുടെയും സ്നേഹത്തിന്റെയും സന്ദേശമാണ് പകരുന്നത്. വിവിധ ദേവാലയങ്ങളിൽ നടന്ന ഉയിർപ്പ് തിരുനാൾ ശുശ്രൂഷകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

പള്ളികളിൽ പുലർച്ചെ വരെ നീണ്ട പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളോടെ വിശ്വാസികൾ ഈസ്റ്റർ ആഘോഷിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന ചടങ്ങുകൾക്ക് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നേതൃത്വം നൽകി.

സ്വാർത്ഥത വെടിഞ്ഞ് സമാധാനത്തിന്റെ പാത സ്വീകരിക്കണമെന്നും, മനുഷ്യൻ തീർക്കുന്ന സ്വാർത്ഥതയുടെ മതിലുകളാണ് ലോകത്തെ കലാപങ്ങളിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം ഈസ്റ്റർ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ ഈസ്റ്റർ സന്ദേശം നൽകി; ലോകസമാധാനത്തിനായി അദ്ദേഹം ആഹ്വാനം ചെയ്തു.

പട്ടം സെന്റ് മേരീസിൽ കർദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയും, നെല്ലിമോളത്ത് ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവയും, പാമ്പാടിയിൽ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയനും ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. വരാപ്പുഴ അതിരൂപതയിലെ ചടങ്ങുകൾക്ക് സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ കാർമികത്വം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *