അമേരിക്കൻ സമയപരിധി അവസാനിക്കാനിരിക്കെ, അഞ്ച് ആഴ്ച നീണ്ട സംഘർഷം അവസാനിപ്പിക്കാനുള്ള സമാധാന പദ്ധതി അമേരിക്കയ്ക്കും ഇറാന്റെ പക്കലുമെത്തി. എന്നാൽ ലോകത്തിനാവശ്യമായ ഇന്ധനം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കില്ലെന്ന നിലപാടിലാണ് ഇറാൻ.

കരാറിൽ എത്തിയില്ലെങ്കിൽ ഇറാന് മേൽ ശക്തമായ ആക്രമണം നടത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ന് അവസാനിക്കുന്ന സമയപരിധിക്കുള്ളിൽ ഒരു ഒത്തുതീർപ്പ് ഉണ്ടായില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകാനാണ് സാധ്യത.പാകിസ്താൻ തയ്യാറാക്കിയ പുതിയ സമാധാന പദ്ധതി കഴിഞ്ഞ ദിവസം ഇറാനും അമേരിക്കയ്ക്കും കൈമാറി.

അടിയന്തര വെടിനിർത്തലും, തുടർന്ന് സമഗ്രമായ സമാധാന കരാറും ലക്ഷ്യമിടുന്ന ഇരുതലങ്ങളുള്ള ഒരു പദ്ധതിയാണിത്. അഞ്ച് ആഴ്ച നീണ്ട സംഘർഷത്തിന് അറുതി വരുത്താൻ ഈ നീക്കം വഴിതെളിക്കുമെന്നാണ് പ്രതീക്ഷ.

ഇന്ന് തന്നെ എല്ലാ കാര്യങ്ങളിലും ധാരണയുണ്ടാകണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാകിസ്താൻ മുഖേന കൈമാറുന്ന ഒരു ധാരണാപത്രത്തിലൂടെയായിരിക്കും കരാർ അന്തിമമാക്കുക. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ 45 ദിവസത്തെ വെടിനിർത്തൽ നടപ്പിലാക്കും. ഈ കാലയളവിൽ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനുള്ള ചർച്ചകൾ നടക്കും; ആവശ്യമാണെങ്കിൽ വെടിനിർത്തൽ കാലാവധി നീട്ടാനും വ്യവസ്ഥയുണ്ട്.

ഒരു സമഗ്രമായ സമാധാന കരാറിലൂടെ മാത്രമേ ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറക്കാനും ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പ്രശ്നത്തിന് പരിഹാരം കാണാനും കഴിയൂ എന്ന് മധ്യസ്ഥർ വിശ്വസിക്കുന്നു.

വെറുമൊരു വെടിനിർത്തലിന് അപ്പുറം, തർക്കവിഷയങ്ങളിൽ അന്തിമ ധാരണയിലെത്തിയാൽ മാത്രമേ മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കാൻ സാധിക്കൂ എന്നാണ് അവരുടെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *