യുഎസ് മുന്നോട്ടുവെച്ച 45 ദിവസത്തെ വെടിനിർത്തൽ നിർദേശം ഇറാൻ നിരസിച്ചതോടെ വീണ്ടും ഭീഷണി മുഴക്കി ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട കരാറിന് നൽകിയ 10 ദിവസത്തെ സമയം ഇന്ന് അവസാനിക്കെ, ഇറാന്റെ പാലങ്ങളും വൈദ്യുതി നിലയങ്ങളും തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടെങ്കിലും യുഎസ് നിശ്ചയിച്ച സമയപരിധിയിൽ മാറ്റമില്ലെന്ന് ട്രംപ് വ്യക്തമാക്കി.
ഇറാന് ആവശ്യത്തിലധികം സമയം നൽകിക്കഴിഞ്ഞെന്നും ചൊവ്വാഴ്ച രാത്രിയോടെ അന്ത്യശാസനം അവസാനിക്കുമെന്നും ട്രംപ് അറിയിച്ചു. ഇതോടെ മേഖലയിൽ സൈനിക നടപടിക്കുള്ള സാധ്യത ഏറി.
നാളെ രാത്രി പന്ത്രണ്ട് മണിയോടെ ഇറാനെ പൂർണ്ണമായി നശിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഒരു പദ്ധതി തയ്യാറാണെന്നും നാല് മണിക്കൂറിനുള്ളിൽ രാജ്യത്തെ എല്ലാ പാലങ്ങളും വൈദ്യുതി നിലയങ്ങളും തകർത്ത് നിശ്ചലമാക്കുമെന്നും വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഒരുകാലത്തും തിരിച്ചുവരാനാകാത്ത വിധം ഇറാൻ ഇല്ലാതാകുമെന്നാണ് ട്രംപിന്റെ ഭീഷണി.ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഭാവിയിൽ പുനർനിർമ്മാണത്തിന് യുഎസ് സഹായിച്ചേക്കാമെന്നും ട്രംപ് പറഞ്ഞു.
എന്നാൽ മുൻപ് ഇറാൻ തന്നെ ഗൗരവമായി കാണാത്തതാണ് പാലങ്ങൾ തകർക്കാൻ ഉത്തരവിടുന്നതിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന സൂചനയും ട്രംപ് നൽകി.
ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർത്താൽ അത് പുനർനിർമ്മിക്കാൻ നൂറുവർഷം വേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ രാജ്യം കെട്ടിപ്പടുക്കാൻ പോലും 20 വർഷമെടുക്കുമെന്നും, അമേരിക്കയുടെ സാങ്കേതിക സഹായമില്ലാതെ ഇറാന് തിരിച്ചുവരവ് അസാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
