സമാധാന കരാറിന് തയ്യാറായില്ലെങ്കിൽ ഇറാനെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി കപ്പൽ ഉപരോധം കടുപ്പിച്ച യുഎസ് നാവികസേന, ഇറാനിലേക്കുള്ള ഏത് കപ്പലും തടഞ്ഞു പരിശോധിക്കുമെന്ന് വ്യക്തമാക്കി.

പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ പ്രഖ്യാപനത്തോടെ മേഖലയിൽ യുദ്ധഭീതി വർധിച്ചു.ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്കെതിരെ കർശന ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു.

റഷ്യൻ, ഇറാൻ എണ്ണ വാങ്ങാൻ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകിയിരുന്ന ഇളവ് ഇനി നീട്ടി നൽകില്ലെന്നും അമേരിക്ക വ്യക്തമാക്കി. സാമ്പത്തിക സമ്മർദം ശക്തമാക്കി ഇറാനെ തളയ്ക്കുകയാണ് യുഎസ് ലക്ഷ്യം.അതിനിടെ, ഇറാൻ–യുഎസ് സമാധാന ചർച്ച വീണ്ടും ആരംഭിക്കാനുള്ള ശ്രമങ്ങൾ പാക്കിസ്ഥാൻ ഊർജിതമാക്കി.

പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സൗദി, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങൾ സന്ദർശിച്ചു നേതാക്കളുമായി ചർച്ച നടത്തുകയാണ്.

പാക്ക് സേനാ മേധാവി അസീം മുനീർ ടെഹ്റാനിൽ ഇറാൻ നേതാക്കളുമായും ചർച്ച നടത്തി. രണ്ടാം ഘട്ട സമാധാന ചർച്ച ആരംഭിക്കുന്നതിനാണ് നീക്കമെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.ഹോർമുസ് കടലിടുക്കിലെ സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കണമെന്ന് ചൈന ഇറാനോട് ആവശ്യപ്പെട്ടു.

ഇറാന്റെ പരമാധികാരത്തെ മാനിക്കുന്നുവെന്നും എന്നാൽ മേഖലയിലെ സഞ്ചാര സ്വാതന്ത്ര്യം അന്താരാഷ്ട്ര സമൂഹത്തിന് പ്രധാനമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ പറഞ്ഞു. ഇതിന്റെ ഭാഗമായി അദ്ദേഹം ഇറാൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ ചർച്ച നടത്തി.

Leave a Reply

Your email address will not be published. Required fields are marked *