രാജ്യാന്തര എണ്ണവില നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് റഷ്യൻ എണ്ണ ഇറക്കുമതിക്കുള്ള ഉപരോധ ഇളവ് ട്രംപ് ഭരണകൂടം ഒരു മാസത്തേക്ക് കൂടി നീട്ടി. ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങളെത്തുടർന്ന് എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയ സാഹചര്യത്തിലാണ് യുഎസിന്റെ ഈ അപ്രതീക്ഷിത നീക്കം.
ഇളവ് അനുവദിക്കില്ലെന്ന മുൻ നിലപാട് തിരുത്തിക്കൊണ്ടുള്ള യുഎസിന്റെ ഈ തീരുമാനം ഇന്ത്യയ്ക്ക് വലിയ സാമ്പത്തിക ആശ്വാസമാകും.
ഏപ്രിൽ 11-ന് അവസാനിച്ച ഇളവ് കാലാവധിയാണ് ഇപ്പോൾ നീട്ടി നൽകിയിരിക്കുന്നത്.റഷ്യൻ എണ്ണ ഇറക്കുമതിക്കായി അനുവദിച്ച പ്രത്യേക ഇളവ് മേയ് 16 വരെ നീട്ടിയതായി ട്രംപ് ഭരണകൂടം വ്യക്തമാക്കി. അതേസമയം ഇറാൻ, ക്യൂബ, ഉത്തര കൊറിയ എന്നീ രാജ്യങ്ങൾക്ക് ഈ ഇളവ് ബാധകമാകില്ലെന്നും യുഎസ് ട്രഷറി വകുപ്പ് അറിയിച്ചു.
നേരത്തേ പ്രഖ്യാപിച്ച 30 ദിവസത്തെ ഇളവ് വഴി ഏകദേശം 100 ദശലക്ഷം ബാരൽ എണ്ണ ആഗോള വിപണിയിലെത്തിയതായാണ് റഷ്യയുടെ കണക്ക്.
കടലിൽ ഓയിൽ ടാങ്കറുകളിൽ കെട്ടിക്കിടക്കുന്ന എണ്ണ വാങ്ങാനായി നൽകിയ ഈ ഇളവ്, ആഗോള വിപണിയിൽ എണ്ണലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം തടയാനും ലക്ഷ്യമിട്ടുള്ളതാണ്.യുഎസ് ഇളവുകൾക്ക് അപ്പുറം ഇന്ത്യയുമായുള്ള ഊർജബന്ധം ശക്തമായി തുടരുമെന്ന് റഷ്യൻ അംബാസഡർ ഡെനിസ് ആലിപോവ് വ്യക്തമാക്കി.
അന്താരാഷ്ട്ര നിയന്ത്രണങ്ങൾ ഉണ്ടായാലും ക്രൂഡ് ഓയിൽ, എൽപിജി, എൽഎൻജി എന്നിവയുടെ വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി. പ്രതിസന്ധി ഘട്ടങ്ങളിലും ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കാൻ റഷ്യ പ്രതിജ്ഞാബദ്ധമാണെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം വരുംനാളുകളിൽ കൂടുതൽ വിപുലമാക്കുമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.
