യുഎസ്-ഇറാൻ സമാധാന ചർച്ചകളുടെ രണ്ടാം ഘട്ടം തിങ്കളാഴ്ച പാകിസ്താനിൽ നടക്കും. ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ ഞായറാഴ്ചയോടെ ഇസ്ലാമാബാദിൽ എത്തുമെന്നാണ് റിപ്പോർട്ട്. സിഎൻഎൻ പുറത്തുവിട്ട ഈ വാർത്ത ഇറാൻ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്.

പാകിസ്താന്റെ മധ്യസ്ഥതയിലാണ് നിർണ്ണായകമായ ഈ ചർച്ചകൾ നടക്കുന്നത്.പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായി ഖത്തർ അമീറും തുർക്കി പ്രസിഡന്റും വെവ്വേറെ കൂടിക്കാഴ്ച നടത്തി. മേഖലയിലെ സംഘർഷം കുറയ്ക്കുന്നതിനും നയതന്ത്ര പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ ഇവർ ചർച്ച ചെയ്തതായി അൽജസീറ റിപ്പോർട്ട് ചെയ്തു.

സമാധാനത്തിനായി പാകിസ്താൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ ഇരു നേതാക്കളും അഭിനന്ദിക്കുകയും പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു.ആദ്യഘട്ട ചർച്ചകൾ പരാജയപ്പെട്ടതോടെ പാക് സൈനിക മേധാവിയും ആഭ്യന്തരമന്ത്രിയും ഇറാൻ സന്ദർശിച്ച് രണ്ടാം ഘട്ടത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

യുഎസ്-ഇറാൻ ബന്ധം വഷളാകുന്നതിനിടെയായിരുന്നു ഈ ഇടപെടൽ. അതേസമയം, ലെബനനിൽ ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ പത്തുദിവസത്തെ വെടിനിർത്തൽ നിലവിൽ വന്നതോടെ, ഹോർമുസ് കടലിടുക്ക് ചരക്കുകപ്പലുകൾക്കായി പൂർണമായി തുറന്നുനൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചു.

ഹോർമുസ് കടലിടുക്കിൽ ഇറാൻ നിശ്ചയിച്ച പ്രത്യേക പാതയിലൂടെ മാത്രമേ കപ്പലുകൾ കടന്നുപോകാവൂ എന്ന് വിദേശമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. പ്രധാന പാതയിൽ മൈനുകൾ ഉള്ളതിനാൽ, സുരക്ഷ കണക്കിലെടുത്ത് ഇറാൻ തീരത്തോടു ചേർന്നുള്ള വഴി ഉപയോഗിക്കാനാണ് നിർദേശം.

ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ മേഖലയിൽ സമാധാനത്തിന്റെ സൂചനകൾ ശക്തമായി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും തുറന്നതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു.

കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിതറിയിരുന്ന മൈനുകൾ നീക്കം ചെയ്യാൻ അമേരിക്ക ഇറാനെ സഹായിക്കുന്നുണ്ടെന്ന ട്രംപിന്റെ വെളിപ്പെടുത്തൽ ആഗോള വിപണിയിലും ആശ്വാസം പകർന്നിട്ടുണ്ട്. ഇതോടെ മേഖലയിലെസംഘർഷാവസ്ഥയ്ക്ക് താൽക്കാലിക ശമനമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *