അമേരിക്കൻ നാവിക ഉപരോധം മറികടക്കാൻ ഇറാന് സഹായവുമായി പാകിസ്ഥാൻ രംഗത്ത്. സമുദ്രവ്യാപാരം തടസ്സപ്പെട്ടതിനെത്തുടർന്ന് ചരക്കുനീക്കത്തിനായി ആറ് പുതിയ കരമാർഗ്ഗങ്ങളാണ് പാകിസ്ഥാൻ തുറന്നുകൊടുത്തത്. ഇതുവഴി മൂവായിരത്തിലധികം ചരക്ക് കണ്ടെയ്നറുകൾ ഇറാനിലേക്ക് നീങ്ങിത്തുടങ്ങിയതായി ഏജൻസി റിപ്പോർട്ട് ചെയ്തു.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇറാന് പാകിസ്ഥാൻ്റെ ഈ നീക്കം വലിയ ആശ്വാസമാകും.അമേരിക്ക-ഇറാൻ സൈനിക പോരാട്ടത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് സ്തംഭിച്ചതോടെയാണ് പാകിസ്ഥാൻ ബദൽ പാതകൾ ഒരുക്കിയത്. കറാച്ചി തുറമുഖത്ത് കുടുങ്ങിക്കിടന്ന മൂവായിരത്തിലധികം ചരക്ക് കണ്ടെയ്നറുകൾ ഇതോടെ ഇറാൻ അതിർത്തിയിലേക്ക് നീങ്ങിത്തുടങ്ങി.
കറാച്ചി, ഗ്വാദർ, പോർട്ട് കാസിം എന്നിവിടങ്ങളിൽ നിന്ന് ഗാബ്ദ് അതിർത്തി വഴി ചരക്കുകൾ എത്തിക്കാൻ പാകിസ്ഥാൻ വാണിജ്യ മന്ത്രാലയം പ്രത്യേക അനുമതി നൽകുകയായിരുന്നു. കസ്റ്റംസ് നിയമങ്ങൾ പാലിച്ചായിരിക്കും ഈകരമാർഗ്ഗമുള്ള ചരക്കുനീക്കം.
അമേരിക്കൻ ഉപരോധത്തെ മറികടക്കാൻ പാകിസ്ഥാൻ നൽകുന്ന ഈ പിന്തുണ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ നിർണ്ണായകമാണ്. ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ നീക്കങ്ങൾക്ക് ഈ പുതിയ കരമാർഗ്ഗങ്ങൾ തിരിച്ചടിയാകും.
കടൽമാർഗ്ഗത്തെക്കാൾ ചെലവേറിയതാണെങ്കിലും ഇറാൻ്റെ നിലനിൽപ്പിന് ഈ പാതകൾ അനിവാര്യമാണ്. എന്നാൽ, അമേരിക്കൻ താക്കീതുകൾ അവഗണിച്ചുള്ള പാകിസ്ഥാൻ്റെ ഈ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാക്കാൻ സാധ്യതയുണ്ടെന്ന് നിരീക്ഷകർ വിലയിരുത്തുന്നു
