റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങളിൽനിന്ന് ‘മോഷ്ടിച്ച’ ധാന്യം ഇസ്രായേൽ ഇറക്കുമതി ചെയ്യുന്നു എന്നാരോപിച്ച് യുക്രെയ്ൻ രംഗത്തെത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കത്തിന് കാരണമായി. 2022 മുതൽ റഷ്യ തങ്ങളുടെ കാർഷിക ഉൽപ്പന്നങ്ങൾ നിയമവിരുദ്ധമായി കടത്തുന്നുവെന്ന് യുക്രെയ്ൻ പരാതിപ്പെടുന്നുണ്ട്.

റഷ്യ മോഷ്ടിച്ച ധാന്യം ഇസ്രായേൽ ഇറക്കുമതി ചെയ്യുന്നുവെന്ന ആരോപണത്തിൽ യുക്രെയ്ൻ ഇസ്രായേൽ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഈ ബിസിനസ് നിയമവിരുദ്ധമാണെന്ന് സെലൻസ്കി കുറ്റപ്പെടുത്തിയപ്പോൾ, തെളിവുകളില്ലെന്ന് പറഞ്ഞ് ഇസ്രായേൽ ആരോപണം തള്ളി. ഹൈഫ തുറമുഖത്ത് കപ്പൽ എത്തിയെന്ന വാർത്ത തെറ്റാണെന്നും മോഷണത്തിന് തെളിവുണ്ടെങ്കിൽ ഔദ്യോഗികമായി നൽകണമെന്നും ഇസ്രായേൽ ആവശ്യപ്പെട്ടു.

2025-ൽ മാത്രം റഷ്യ 20 ലക്ഷം ടൺ ധാന്യം മോഷ്ടിച്ചതായാണ് യുക്രെയ്നിന്റെ കണക്ക്.ഈ വിഷയത്തിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയ റഷ്യ, ഇത് ഇസ്രായേലും യുക്രെയ്നും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നമാണെന്ന് പ്രതികരിച്ചു.

യുക്രെയ്നിന്റെ പ്രധാന തുറമുഖങ്ങൾ റഷ്യൻ നിയന്ത്രണത്തിലായതും യുഎൻ നേതൃത്വത്തിലുള്ള ധാന്യക്കരാറിൽ നിന്ന് റഷ്യ പിന്മാറിയതും ആഗോളതലത്തിൽ ഭക്ഷ്യവില വർദ്ധിക്കാൻ കാരണമായിരുന്നു. നിലവിൽ തെക്കൻ, കിഴക്കൻ യുക്രേനിയൻ മേഖലകളിൽ നിന്നുള്ള ധാന്യക്കടത്തിനെച്ചൊല്ലിയുള്ള തർക്കം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *