ഹോർമുസ് കടലിടുക്ക് തുറക്കാൻ അന്താരാഷ്ട്ര സഹായം തേടി അമേരിക്ക. ഇറാന്റെ ഉപരോധം പ്രതിസന്ധിയായതോടെ ‘മാരിടൈം ഫ്രീഡം കൺസ്ട്രക്ട്’ എന്ന സഖ്യം രൂപീകരിക്കാനാണ് നീക്കം. എണ്ണക്കടത്ത് തടസ്സപ്പെട്ടതോടെ ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരുകയാണ്.അമേരിക്ക-ഇറാൻ തർക്കം മുറുകിയതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളർ കടന്നു.
ഇന്ധനവില വർദ്ധനവ് ആഗോള പണപ്പെരുപ്പത്തിന് കാരണമാകുന്നുണ്ട്. ഇതിനിടെ, “വിട്ടുവീഴ്ചയില്ല” എന്ന നിലപാടുമായി ഇറാനെതിരെ ശക്തമായ സൈനിക നീക്കത്തിന് ഡോണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ ആണവപദ്ധതി സംബന്ധിച്ച ചർച്ചകളിൽ ഇറാൻ വഴങ്ങിയിട്ടില്ല.
യുഎസ്-ഇസ്രായേൽ നീക്കങ്ങൾ ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ തകർത്തു; പണപ്പെരുപ്പം 65.8 ശതമാനമായി ഉയർന്നു. സംഘർഷം ലഘൂകരിക്കാൻ പാകിസ്താൻ മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും, കുതിച്ചുയരുന്ന യുദ്ധച്ചെലവും ഇന്ധനവിലയും ട്രംപ് ഭരണകൂടത്തിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ്.
